കൊവിഡ് ആശങ്ക വീണ്ടും: 4000 കടന്ന് പ്രതിദിന കേസുകള്‍; കേരളവും മഹാരാഷ്ട്രയും മുന്നില്‍

Jaihind Webdesk
Sunday, June 5, 2022

രാജ്യത്ത് വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ കൂടുന്നു. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 4,270 പേർക്ക്. അതേസമയം സംസ്ഥാനത്തും കഴിഞ്ഞ പത്ത് ദിവസത്തിനിടെ പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  രാജ്യത്തെ ടിപിആർ നിരക്ക് 1.03 ശതമാനത്തിലേക്ക് എത്തിയതോടെ കൊവിഡ് ഭീതി വർധിക്കുകയാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ജൂൺ മാസത്തിലെ ആദ്യ നാല് ദിവസത്തിൽ തന്നെ മഹാരാഷ്ട്രയിൽ മാത്രം മുൻ മാസത്തേക്കാൾ ഇരട്ടിയോളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 889 പുതിയ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ജൂൺ മാസത്തിലെ ഇതുവരെയുള്ള കണക്ക് പരിശോധിച്ചാൽ മുംബൈ നഗരത്തിൽ 3,095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മാർച്ചിലെ മൊത്തം കേസുകളുടെ ഇരട്ടിയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും കേസുകൾ വർധിക്കുകയാണ്. അടുത്ത നാലോ അഞ്ചോ ആഴ്ചകളിൽ കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മുംബൈയിൽ ഒമിക്രോണിന്‍റെ ബിഎ.4, ബിഎ5. വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കേസുകളുടെ എണ്ണത്തിൽ ഇതുവരെ വൻകുതിച്ചുചാട്ടമുണ്ടാക്കിയിട്ടില്ല.

കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക് എത്തുകയാണ്. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ടിപിആർ 10ന് മുകളിലായി. 13,558 സാംപിളുകൾ പരിശോധിച്ചതിൽ 1544 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ടിപിആർ 11.39%. തുടർച്ചയായ അഞ്ചാം ദിവസമാണ് കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളിലാകുന്നത്. എറണാകുളം (481), തിരുവനന്തപുരം (220) ജില്ലകളാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 7972 പേരാണു ചികിത്സയിലുള്ളത്. 995 പേർ കൂടി കൊവിഡ് മുക്തരായി. 4 മരണം കൂടി ഇന്നലെ ഉൾപ്പെടുത്തിയതോടെ ആകെ മരണം 69,790 ആയി. രാജ്യത്തെ പ്രതിദിന കേസുകളുടെ 31 ശതമാനവും കേരളത്തിലാണ്. കര്‍ശന ജാഗ്രത വേണമെന്ന് കേന്ദ്രം മുന്നറിയിപ്പ്  നല്‍കി. പത്ത് ദിവസത്തിനിടെ കൊവിഡ് കേസുകളിൽ ഇരട്ടിയോളം വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ വകഭേദം ആണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്.