രാജ്യത്ത് വീണ്ടും തലപൊക്കി കൊവിഡ്; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Sunday, April 24, 2022

 

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. കൊവിഡ് കേസുകള്‍ കാര്യമായി കുറഞ്ഞതോടെ കഴിഞ്ഞ മാസത്തോടെ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം.

ബുധനാഴ്ച ചേരുന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ നിലവിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇതിനിടെ കൊവിഡിന്‍റെ പുതിയ വകഭേദമായ ബിഎ 2.12 ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തെന്ന വാര്‍ത്തകളും വരുന്നുണ്ട്. എന്നാല്‍ കേന്ദ്ര  ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം തീരുമാനിക്കും.

രോഗബാധ കുറഞ്ഞതോടെ വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. ബൂസ്റ്റര്‍ ഡോസ് എടുക്കാനും ആളുകള്‍ വലിയ തിരക്ക് കാട്ടിയില്ല.  ഇതിനിടെ 6 മുതൽ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിൻ ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,593 പുതിയ കൊവിഡ് കേസുകളും 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.