സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിർദ്ദേശം

Jaihind Webdesk
Friday, December 1, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. പ്രതിദിനം 20 മുതല്‍ 30 വരെ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം കേരളത്തിൽ 765 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനു ശേഷം ആദ്യമായാണ് കൊവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 20 മുതൽ 30 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രക്തസമ്മര്‍ദവും പ്രമേഹവും മറ്റ് ജീവിതശൈലീ രോഗങ്ങളുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്തും എറണാകുളത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.