പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥിനി നിരാഹാരസമരം തുടങ്ങി. തന്റെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. മൊഴി ഗൗരവമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. സംഭവത്തില്‍ ഒളിവിലായിരുനിന്ന മൂന്ന് പ്രതികള്‍ കൂടി ഇന്ന് കീഴടങ്ങിയിരുന്നു. സിപിഎം പ്രവർത്തകരായ നവീൻ , ജിൻസൺ , സനൽ എന്നിവരാണ് കീഴടങ്ങിയത്.
കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനി വീട്ടിൽ എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. കുട്ടിയുടെ പിതാവ് പുറത്തിറങ്ങി എന്നാരോപിച്ചാണ് പ്രദേശത്തെ സ്ഥിരമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മുകാരായ ഇവർ കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. വീടിന്റെ ജനൽ ചില്ലുകളും വാതിലും പ്രതികള്‍ അടിച്ചു തകർത്തിരുന്നു. എന്നാൽ ആദ്യം പിടികൂടിയ മൂന്ന് പ്രതികളിൽ രാജേഷ്, അശോകൻ ,അജേഷ് എന്നിവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് തണ്ണിത്തോട് പൊലീസ് ചെയ്തത്.