കൊവിഡ്: ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ എ സമ്പത്ത്; ലോക്ഡൗണിന് മുന്‍പ് കേരളത്തിലേക്ക് മടങ്ങിയതായി ആക്ഷേപം

Jaihind News Bureau
Wednesday, April 29, 2020

 

കൊവിഡ് കാലത്ത് ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയതായി ആക്ഷേപം. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന വിമാനത്തില്‍ എ സമ്പത്ത് നാട്ടിലേക്ക് മടങ്ങിയെന്നാണ് വിമര്‍ശനം. മലയാളി നഴ്‌സുമാര്‍ക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോഴും സമ്പത്ത് ഇടപെട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരും പറയുന്നു.

അതേസമയം കഴിഞ്ഞവര്‍ഷമാണ് സമ്പത്തിനെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മന്ത്രിസഭ നിയമിച്ചത്. സംസ്ഥാന മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങളും സൗകര്യങ്ങളുമായി മന്ത്രിസഭയുടെ കാലാവധി തീരുംവരെയാണ് നിയമനം. സമ്പത്തിനായി പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ് , ഡ്രൈവര്‍ എന്നീ തസ്തികകളും സര്‍ക്കാര്‍ സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാനെന്ന വിശദീകരണത്തോടെയാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ സമ്പത്തിനെ നിയമിച്ചത്.