യുഎഇയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊവിഡ് രോഗിയായ 3 വയസുകാരി മലയാളി ആശുപത്രി വിട്ടു

Jaihind News Bureau
Monday, April 27, 2020

ദുബായ് : യുഎഇയിലെ അജ്മാനില്‍ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ്-19 രോഗി എന്നു കരുതുന്ന മലയാളി പെണ്‍കുട്ടി ആശുപത്രി വിട്ടു. അജ്മാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്യാം-ഗീത ദമ്പതികളുടെ മൂന്നുവയസുള്ള മകള്‍ നിവേദ്യയാണ് ഇപ്രകാരം ചികിത്സ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയത്.

ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മലയാളി കുടുംബം നന്ദി രേഖപ്പെടുത്തി. കൊവിഡ് പോസിറ്റീവായ മാതാപിതാക്കളോടൊപ്പമാണ് നിവേദ്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ മൂത്ത സഹോദരി അഞ്ചു വയസുകാരി നവമിയുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചെറിയ കുട്ടിയായതിനാല്‍ തന്നെ നിവേദ്യയുടെ ശരീരം എളുപ്പത്തില്‍ മരുന്നിനോട് പ്രതികരിച്ചെന്ന് അജ്മാനിലെ ആമിന ആശുപത്രി അധികൃതര്‍ പറഞ്ഞു. നേരത്തെ, യുഎഇയില്‍ നാലു വയസുകാരി ഇന്ത്യന്‍ പെണ്‍കുട്ടി, ഏഴു വയസുള്ള സിറിയന്‍ പെണ്‍കുട്ടി, 9 വയസുള്ള ഫിലിപ്പീനി പെണ്‍കുട്ടി എന്നിവര്‍ക്കു കോവിഡ് രോഗം ബാധിച്ചിരുന്നു. ഇവരെല്ലാം രോഗമുക്തി നേടുകയും ചെയ്തു.