കൊവിഡ് വാക്സിന്‍: സെറം മേധാവിയുടേത് ന്യായമായ ചോദ്യം ; സർക്കാരിന്‍റെ ഉത്തരത്തിനായി ഇന്ത്യ എത്രത്തോളം കാത്തിരിക്കണമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, September 27, 2020

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന് വേണ്ടി 80,000 കോടി മാറ്റിവെക്കാന്‍ സർക്കാരിനാകുമോ എന്ന് സെറം മേധാവി ചോദിച്ചതിനു പിന്നാലെ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ ഗാന്ധി.   ന്യായമായ ചോദ്യമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ട് വെച്ചതെന്നും എന്നാൽ സർക്കാരിന്‍റെ  ഉത്തരത്തിനായി ഇന്ത്യ എത്രത്തോളം കാത്തിരിക്കണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

കൊവിഡ് പ്രതിരോധ വാക്‌സിനായി 80,000 കോടി രൂപ ചെലവഴിക്കാൻ ഇന്ത്യക്കാകുമോ എന്നായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയുടെ ചോദ്യം. ‘അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്‌സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യ മന്ത്രാലയത്തിന് വേണ്ടി വരിക അതാണ്. നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.’ – പൂനാവാല ട്വീറ്റ് ചെയ്തു.