വാക്സിൻ നയം  പുനഃപരിശോധിക്കണം ; പ്രധാനമന്ത്രിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Jaihind Webdesk
Thursday, April 22, 2021

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്‍റെ പുതിയ വാക്സിൻ നയം  പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പുതിയ വാക്സിൻ നയം കൊവിഡ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാരുടെ ദുരിതം കൂടുതൽ വഷളാക്കുമെന്ന്  കത്തിൽ സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി. ഉയർന്ന തുക നൽകി വാക്സിൻ കുത്തിവെപ്പെടുക്കാൻ രാജ്യത്തെ പൗരൻമാരെ നിർബന്ധിതമാക്കുന്നതാണ് പുതിയ വാക്സിൻ നയം. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാണിച്ചു.

പുതിയ വാക്സിൻ നയത്തെ ഏകപക്ഷീയവും വിവേചനപരവും എന്നാണ് കത്തിൽ സോണിയാ ഗാന്ധി വിശേഷിപ്പിച്ചത്. വാക്സിന് രാജ്യത്തുടനീളം കേന്ദ്രസർക്കാർ ഏകീകൃത വില നിശ്ചയിക്കണം. കഴിഞ്ഞ വർഷം കോവിഡ് തീർത്ത കഠിനമായ പാഠങ്ങളും ജനങ്ങളുടെ ദുരിതവും തിരിച്ചറിഞ്ഞിട്ടും കേന്ദ്രസർക്കാർ ഏകപക്ഷീയവും വിവേചനപരവുമായ നയം പിന്തുടരുന്നത് ആശ്ചര്യകരമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

18-45 വയസിന് ഇടയിലുള്ള എല്ലാ പൗരൻമാർക്കും സൗജന്യ വാക്സിൻ നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഉപേക്ഷിച്ചുവെന്നാണ് പുതിയ വാക്സിൻ നയം സൂചിപ്പിക്കുന്നതെന്നും അവർ ആരോപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായ ഇടപെടണമെന്നും വാക്സിൻ നയം പുന:പരിശോധിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.