യുഎഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത് ഇന്ത്യക്കാരുള്‍പ്പടെ രണ്ടു ലക്ഷത്തോളം പേര്‍: 31,000 പേര്‍ എത്തി; ഇനി പ്രഥമ പരിഗണന കുടുംബങ്ങള്‍ക്ക്; ട്രാക്ക് ചെയ്യാന്‍ ആപ്പ് സംവിധാനം

ദുബായ് : കൊവിഡ് പ്രത്യാഘാതം മൂലം ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിട്ട്, മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുസംബന്ധിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ നടപടികള്‍ക്ക് യുഎഇയില്‍ വ്യാഴാഴ്ച തുടക്കമായി.

രാജ്യത്തേക്ക് മടങ്ങുന്നവര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന റെസിഡന്‍സി ഉടമകള്‍ http://smartservices.ica.gov.ae  എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍ അംഗീകാരം ലഭിച്ച ശേഷം മാത്രമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ. ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്കാണ് യുഎഇയില്‍ തുടക്കമായത്. യുഎഇ വിദേശകാര്യ മന്ത്രാലയവും അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് ഇത്രയും താമസ വീസക്കാരുടെ തിരിച്ചുവരവിന് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 25 നും ജൂണ്‍ 8 നും ഇടയില്‍ 31,000 പേര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാന്‍ യുഎഇ നേരത്തെ, അനുമതി നല്‍കിയിരുന്നു.

ഇനി ലക്ഷ്യം കുടുംബങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ആപ്പ്  

ജൂണ്‍ 11 മുതലുള്ള പുതിയ ഘട്ടത്തില്‍ താമസ വീസയുള്ള കുടുംബങ്ങളെ മടക്കി കൊണ്ടുവരാനാണ് യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, രാജ്യത്തേക്ക് മടങ്ങുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. മാത്രവുമല്ല, 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയണമെന്നും  അതോറിറ്റി കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ക്കായി പ്രത്യേക ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമം തെറ്റിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ആധുനിക ട്രാക്കിങ് സംവിധാനം.

Comments (0)
Add Comment