യു.എ.ഇയിൽ ഷോപ്പിംഗ് കേന്ദ്രങ്ങൾ രണ്ടാഴ്ചത്തേക്ക് അടയ്ക്കുന്നു; ജനം പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; മരുന്ന്, ഭക്ഷണം, അവശ്യസാധനങ്ങൾ, ജോലി എന്നിവയ്ക്ക് മാത്രം പുറത്തിറങ്ങാം, ഇനി യാത്ര സ്വന്തം വാഹനങ്ങളിൽ മാത്രം

ദുബായ് : കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ ഷോപ്പിംഗ് കേന്ദ്രങ്ങൾ അടയ്ക്കാൻ തീരുമാനമായി. പൊതുജനം അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്ത് പോകരുതെന്നും നിർദേശം. 48 മണിക്കൂറിനുള്ളിൽ അവശ്യവസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാർമസികളും ഒഴികെ എല്ലാ ഷോപ്പിംഗ് കേന്ദ്രങ്ങളും അടക്കണം. രണ്ടാഴ്ചയാണ് സ്ഥാപനങ്ങൾ അടച്ചിടുക. ആരോഗ്യമന്ത്രാലയവും, ദുരന്തനിവാരണ സമിതിയുമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

അത്യാവശ്യത്തിനും ജോലി ആവശ്യത്തിനും മാത്രമല്ലാതെ ജനങ്ങൾ വീടിന് പുറത്തുപോകരുത്. ഭക്ഷണം, മരുന്ന്, ജോലി എന്നിവയ്ക്ക് മാത്രമായി, പുറത്തിറങ്ങുന്നത് ചുരുക്കണമെന്നും അധികൃതർ നിർദേശിച്ചു. പുറത്തിറങ്ങുമ്പേൾ മാസ്ക്, കൈയുറ തുടങ്ങിയവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കുടുംബങ്ങൾ സ്വന്തം വാഹനത്തിലാണ് സഞ്ചരിക്കേണ്ടത്. മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുകാറിൽ കുടുംബത്തിലെ മൂന്നിൽ കൂടുതൽ പേർ യാത്ര ചെയ്യരുതെന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Comments (0)
Add Comment