മെയ് 17 ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് കേന്ദ്രത്തിന് ഇപ്പോഴും വ്യക്തതയില്ല; പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, May 6, 2020

 

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 17 ന് ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് മോദി സര്‍ക്കാരിന് വ്യക്തതയില്ലെന്നും സര്‍ക്കാരിന്റെ മുന്നില്‍ യാതൊരു പദ്ധതികളുമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, പി.ചിദംബരം, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താക്കളായ ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

ഇന്ധന തീരുവ കുത്തനെ കൂട്ടിയ കേന്ദ്രതീരുമാനത്തെയും നേതൃത്വം വിമര്‍ശിച്ചു. അധിക നികുതി ചുമത്തി ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മോദി അധികാരത്തിൽ എത്തിയതിന് ശേഷം 12 തവണയാണ് ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. കേന്ദ്രം കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകാതെ എല്ലാ ഭാരവും സംസ്ഥാന സർക്കാരുകൾക്ക് മേൽ അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് ഇനിയും  സാമ്പത്തിക സഹായം ലഭ്യമായിട്ടില്ല.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വീണ്ടും കത്ത് നല്‍കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.