കൊവിഡ്-19: കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു; കർശന നിയന്ത്രണങ്ങള്‍

Jaihind News Bureau
Monday, March 23, 2020

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നിലവിൽ വന്നു. ആവശ്യ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സ്ഥാപനങ്ങളൊഴികെ മറ്റെല്ലാം അടച്ചിടാന്‍ ഉത്തരവ്. അത്യാവശ്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്നും കർശന നിർദേശം നല്‍കിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍ ഡോ. ഡി സജിത് ബാബു  ഉത്തരവിറക്കി. ജില്ലയിലെ 17 പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും അടച്ചിടാനാണ് നിർദേശം. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സിനിമാ തിയേറ്ററുകള്‍, പാര്‍ക്കുകള്‍ മറ്റ് വിനോദ സ്ഥാപനങ്ങള്‍ എന്നിവ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്കും അനാവശ്യ യാത്രകള്‍ക്കും വിലക്കുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്റൈസര്‍, മാസ്‌ക്കുകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പ് വരുത്തണം.

ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകള്‍, പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ബോധവത്ക്കരണ പ്രവര്‍ത്തകര്‍, വാര്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍, മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.

ഇന്ന് പുതിയതായി അഞ്ച് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിലും ഐസോലേഷൻ സംവിധാനം വിപുലീകരിച്ചു. കെയർവെൽ ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിലും ഐസൊലേഷൻ സംവിധാനങ്ങൾ ഒരുക്കി. ജില്ലയിൽ ഇന്ന് കൊറോണ വൈറസ് പശ്ചാത്തലത്തിൽ ജില്ലയിൽ 762 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ആശുപത്രികളിൽ 41 നിരീക്ഷണത്തിൽ ഉണ്ട്. ജില്ലയിൽ നിലവിൽ 19 പോസിറ്റീവ് കേസുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.