‘ഞാന്‍ കാല്‍ കുത്തുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് അവസാനിക്കും’ : അവകാശവാദവുമായി നിത്യാനന്ദ

Jaihind Webdesk
Tuesday, June 8, 2021

രാജ്യം കൊവിഡ് മഹാമാരിയില്‍ ദുരിതത്തിലായിരിക്കുന്നതിനിടെ അവകാശവാദവുമായി വിവാദ ആള്‍ദൈവം നിത്യാനന്ദ. താൻ ഇന്ത്യയിൽ കാലുകുത്തുമ്പോൾ മാത്രമേ കൊവിഡ് മഹാമാരി അവസാനിക്കൂ എന്ന്  നിത്യാനന്ദ പറഞ്ഞു. പുതിയ വീഡിയോയിലാണ് പീഡനം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നിത്യാനന്ദയുടെ അവകാശവാദം.

ശിഷ്യന്മാരിൽ ഒരാൾ നിത്യാനന്ദയോട് ഇന്ത്യയിൽ എന്ന് കൊവിഡ് അവസാനിക്കുമെന്ന് ചോദിക്കുന്നു. ദേവി തന്‍റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ ഇന്ത്യയിൽ കാലുകുത്തിയാൽ മാത്രമേ കേൊവിഡ് ഇന്ത്യയിൽനിന്ന് മാറുകയുള്ളൂവെന്നും നിത്യാനന്ദ മറുപടിയായി പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

പീഡനം അടക്കമുള്ള ഒട്ടേറെ ക്രിമിനൽ കേസുകളിൽ രാജ്യവും ഇന്‍റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ. മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിന് സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി ‘കൈലാസ’ എന്ന പേരില്‍ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിത്യാനന്ദ.  സമ്പൂർണ്ണ ഭരണമുള്ള രാജ്യമായാണ്‌ കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും വെബ്സൈറ്റും ദേശീയ ചിഹ്നവുമെല്ലാമുണ്ട്.  ഇന്ത്യയിൽ കോവിഡ് രൂക്ഷമായതിന് പിന്നാലെ  ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ അറിയിച്ചിരുന്നു.