ഇകഴ്ത്തിയിട്ടില്ല, വീഴ്ചകള്‍ കണ്ടാല്‍ പറയുമെന്ന് പ്രതിപക്ഷം ; ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

Jaihind Webdesk
Wednesday, June 2, 2021

തിരുവനന്തപുരം : ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കൊവിഡ് പ്രതിരോധത്തെ ഇകഴ്ത്താനോ മോശമാക്കാനോ ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീഴ്ചകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നല്കും. ചില കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിച്ചത്. സർക്കാരിനെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. ഓക്സിജൻ ബെഡ്, വെൻ്റിലേറ്റർ എന്നിവ ലഭിക്കാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. സൗകര്യങ്ങൾ അപര്യാപ്തമാണ്.

മരണനിരക്ക് കുറച്ചുകാണിച്ചാല്‍ കിട്ടേണ്ട അനുകൂല്യങ്ങൾ സംസ്ഥാനത്തിന് കിട്ടാതെ പോകും. മരണത്തിന് കാരണം കൊവിഡ് ആണെങ്കിൽ കൊവിഡ് മരണമായി തന്നെ കണക്കാക്കണം. മരണം ഉറപ്പ് വരുത്തുന്ന പ്രോട്ടോക്കോൾ മാറ്റണം. ഐസിഎം ആർ മാനദണ്ഡം അനുസരിച്ച് മരണം റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.