കൊവിഡ്: രാജ്യത്ത് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ഹെല്‍മെറ്റുകളും മഴക്കോട്ടുകളും; സുരക്ഷാസാമഗ്രികള്‍ ഇനിയും ലഭ്യമാക്കാനാകാതെ സര്‍ക്കാര്‍

Jaihind News Bureau
Tuesday, March 31, 2020

ന്യൂഡല്‍ഹി.  കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ അപര്യാപ്തതയെ തുടര്‍ന്ന് ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്നത് ഹെല്‍മെറ്റുകളും മഴക്കോട്ടുകളുമെന്ന് റിപ്പോര്‍ട്ട്. ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രോഗികളെ പരിചരിക്കുന്ന വേളയില്‍  ധരിക്കാന്‍ മഴക്കോട്ടുകളാണ് നല്‍കിയിരിക്കുന്നതെന്ന് വെളിപ്പെടുത്തി ഡോക്ടര്‍മാരും രംഗത്തെത്തി. ഇവര്‍ ഇതുസംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വാര്‍ത്ത ഏജന്‍സിക്ക് കൈമാറിയിരുന്നു. N95 മാസ്‌കുള്‍ ലഭ്യമല്ലാത്തിനാലാണ് ഇവര്‍ ബൈക്ക് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.

അതേസമയം കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടവർക്ക് ആവശ്യത്തിന് മുൻകരുതലുകളില്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് മുഖം മറച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ലോകമഹായുദ്ധത്തിന്‍റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി തന്ന വ്യക്തമാക്കിയതാണ്. എന്നാൽ യുദ്ധമുഖത്തേക്ക് പോരാളികളായ ആരോഗ്യപ്രവർത്തകരെ ആയുധമില്ലാതെയാണോ പറഞ്ഞയക്കുന്നതെന്നും ട്വിറ്ററില്‍ പ്രധാനമന്ത്രിക്കെതിരെ  ചോദ്യമുയര്‍ന്നിരുന്നു.