നടക്കുന്നത് വാചകമടി മാത്രം ; രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയിലധികം കേരളത്തില്‍ ; പ്രതിരോധത്തിലെ പാളിച്ചകള്‍ വ്യക്തമാക്കി കണക്കുകള്‍

Jaihind News Bureau
Wednesday, February 3, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത്  റിപ്പോർട്ട് ചെയ്ത  കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ. ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ കേരളം ദേശിയ ശരാശരിയേക്കാൾ മുന്നിൽ.  സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകളാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.  ഊതി വീർപ്പിച്ച കേരള മോഡൽ കൊവിഡ് പ്രതിരോധത്തിന്‍റെ കാറ്റുപോകുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 11,039 കൊവിഡ് കേസുകളാണ്. ഇതിൽ പകുതിയിൽ അധികം കേസുകളും കേരളത്തിലാണ് എന്നതാണ് യാഥാർത്ഥ്യം. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.3 ശതമാനം എന്ന ഏറ്റവും റെക്കോർഡ് നിരക്കിൽ നിൽക്കുമ്പോൾ കേരളത്തിൽ അത് 10.80 ശതമാനമാണ്. 1,60,057 പേർ രാജ്യത്ത് ചികിൽസയിൽ ഉള്ളപ്പോൾ 69,147 പേരും കേരളത്തിലാണ് എന്നതും എടുത്ത് പറയേണ്ടതാണ്. കേരളത്തിൽ എറണാകുളം, കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിലാണ് നിലവിൽ ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിലെ കൊവിഡ് പ്രതിരോധം ഇത്ര സങ്കീർണമായി തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്രം തീരുമാനിച്ചത്. പ്രതിദിന കൊവിഡ് കേസുകളിൽ രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 1927 കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 110 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 1,54,596 പേർക്ക് ഇതുവരെ കൊവിഡ് മൂലം ജീവൻ നഷ്ടമായി. 14,225 പേർക്ക് രോഗമുക്തി ലഭിച്ചതോടെ ആകെ രോഗ മുക്തരുടെ എണ്ണം 1,04,62,631 ആയി ഉയർന്നു. 97.08 ശതമാനമാണ് രോഗമുക്തി നിരക്ക്.