പ്രാണവായുവിനായി കേണ് ജനം ; കോടികള്‍ പൊടിച്ച് സെന്‍ട്രല്‍ വിസ്തയുടെ നിർമ്മാണപ്രവർത്തനങ്ങള്‍ ; കേന്ദ്രത്തിനെതിരെ പ്രതിഷേധം

Jaihind Webdesk
Tuesday, April 27, 2021

 

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ദുരിതത്തില്‍ ജനം വലയുമ്പോള്‍ ഡല്‍ഹിയില്‍ ഭരണസിരാകേന്ദ്രം മോടിപിടിപ്പിക്കാനുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുന്നു. അവശ്യസര്‍വീസ് എന്ന നിലയിലാണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാതെയടക്കം ഡല്‍ഹിയിലെ ആശുപത്രികളില്‍ നിരവധി പേര്‍ മരിച്ചുവീഴുമ്പോള്‍ പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ വ്യാപകവിമര്‍ശനവും പ്രതിഷേധവുമാണ് ഉയരുന്നത്.

വാക്സിൻ വിതരണവും ഓക്സിജൻ ഉള്‍പ്പെടെയുള്ള സാമഗ്രികളുടെ വിതരണവും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുടങ്ങിയിരിക്കുന്നതിനിടെയാണ്  തലസ്ഥാന നഗരം മോടി പിടിപ്പിക്കാൻ കോടികൾ ചെലവിടുന്നത്. നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയിൽ 10 മന്ദിരമാണുള്ളത്. 20000കോടി രൂപയിലേറെയാണ് പദ്ധതിയുടെ മുതല്‍മുടക്ക്.

പ്രതിസന്ധിക്കാലത്തെ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നാണ് ഉയരുന്നത്. രാഹുൽ ഗാന്ധി അടക്കമുള്ളവർ കേന്ദ്രനടപടിക്കെതിരെ രംഗത്തുവന്നു. രാജ്യത്തു കൊവിഡ് വ്യാപനം ശക്തമായതിനെ തുടർന്നു ലളിതമായ ജീവിത ശൈലി പിന്തുടരണമെന്നും ആർഭാടങ്ങൾ ഒഴിവാക്കി സഹജീവികൾക്ക് സാന്ത്വനം നൽകണമെന്നും നിരന്തരം ആവശ്യപ്പെടുന്ന  മോദിയോട് സമാനമായ ആവശ്യം രാജ്യത്തിനും ഉന്നയിക്കാനുള്ള സമയമാണിതെന്നു ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു.

 

അതേസമയം ഡൽഹിയിലെ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഗോൾഡൻ ജയ്പുർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 25 പേരാണ് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തതിനെ തുടർന്നു മരിച്ചത്. ആശുപത്രിയിലെത്തിച്ച 215 കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഡൽഹിയിലെ നിരവധി ആശുപത്രികൾ ഓക്സിജൻ, കിടക്ക, മരുന്ന് എന്നിവയുടെ ക്ഷാമം നേരിടുകയാണ്.