കൊറോണ : പത്തനംതിട്ടയിൽ ഹർത്താല്‍ സമാന സാഹചര്യം; മാസ്കുകൾക്ക് തീവില, കോടതികളുടെ പ്രവർത്തനവും നിലച്ചു

പത്തനംതിട്ട : കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ഹർത്താലിന് സമാനമായ സാഹചര്യം. വൈറസ് വ്യാപനം തടയുന്നതിനുള്ള മാസ്‌കുകൾക്ക് തീവില ആയതും ജില്ലയിൽ പലയിടത്തും ആവശ്യത്തിന് മാസ്‌ക് ലഭിക്കാത്തതും ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. കോടതിയടക്കമുള്ളവയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച അവസ്ഥയാണ്.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ റാന്നി ഐത്തല സ്വദേശികളായ മൂന്നംഗ കുടുംബത്തിനും ഇവരുടെ രണ്ട് ബന്ധുക്കൾക്കും കോവിഡ് 19 സ്ഥിലീകരിച്ചതോടെ റാന്നിയിലും ജില്ലാ ആസ്ഥാനത്തും പൊതുജനങ്ങൾക്കിടയിൽ ആശങ്ക വ്യാപകമാണ്. മുൻപ് നിശ്ചയിച്ച പൊതു ചടങ്ങുകൾ എല്ലാം തന്നെ മാറ്റി വച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാസ്ക് ഉപയോഗത്തെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അവസരം മുതലെടുത്ത് 3 രൂപ മുതൽ 5 രുപ വരെ വിലയ്ക്ക് വിറ്റിരുന്ന വസ്തുക്കൾക്ക് 30 മുതൽ 50 രൂപ വരെ ഈടാക്കുന്നതായുള്ള പരാതികളും വ്യാപകമാണ്.

രോഗബാധിതരെ പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിലായതിനാൽ ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികൾ ഡിസ്ചാർജ് വാങ്ങിയും അല്ലാതെയും ആശുപത്രി വിട്ട സാഹചര്യവും ഉണ്ടായി. ഇവരിൽ ഭൂരിപക്ഷം ആളുകളെയും ആരോഗ്യവകുപ്പ് ഇടപെട് തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലും പത്തനംതിട്ട നഗരത്തിലും പൊതുജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നത് സ്വയം ഒഴിവാക്കുന്നുണ്ട്. കൊറോണ ആശങ്ക വ്യാപകമായതിനെ തുടർന്ന് പത്തനംതിട്ടയിലെ കോടതികളുടെ പ്രവർത്തനവും നിർത്തിവെച്ചു.

Comments (0)
Add Comment