കോവിഡ് നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കടന്നു; പോലീസ് അന്വേഷണം തുടങ്ങി

Jaihind News Bureau
Friday, March 13, 2020

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശ ദമ്പതികൾ കടന്നുകളഞ്ഞു. യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ എക്‌സാണ്ടർ (28) എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ഇരുവരേയും ഐസൊലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒൻപതിനാണ് ഇരുവരും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.

അതേസമയം സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന വിദേശപൗരൻ, ലണ്ടനിൽ നിന്നും എത്തിയ മലയാളി, ഇറ്റലിയിൽ നിന്നും യുഎഇ വഴി എത്തിയ തിരുവനന്തപുരം സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19 ആയി.

സംസ്ഥാനത്ത് ആകെ 5468 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 5191 പേർ വീടുകളിലും ബാക്കിയുള്ള 277 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 69 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1715 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1132 എണ്ണവും നെഗറ്റീവ് ആണ്.