കൊവിഡ് പ്രതിസന്ധി : സ്വകാര്യ മേഖലയില്‍ ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും പാടില്ല ; ‘നയം വ്യക്തമാക്കി’ ഒമാന്‍ ! വിദേശികള്‍ക്ക്  ആശ്വാസരമാകും

B.S. Shiju
Wednesday, April 1, 2020

ദുബായ് : ഒമാനില്‍ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ്, സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക്, തൊഴിലാളികളെ പറഞ്ഞു വിടാന്‍ അനുവദിക്കില്ലെന്ന് ഒമാന്‍ ഭരണക്കൂടം വ്യക്തമാക്കി. കമ്പനികള്‍ വരുമാന തകര്‍ച്ചയും, അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടേണ്ടി വന്നാലും സ്വകാര്യ മേഖലയില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ അവസാനിപ്പിക്കുന്നത് അനുവദിക്കില്ലെന്നും ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം അറിയിച്ചു. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒമാന്റെ ഈ പ്രഖ്യാപനം, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസകരമാകും.

കമ്പനികള്‍ കൊവിഡ് ഒരു കാരണമാക്കുന്നതായി പരാതി

ഗള്‍ഫിലെ സ്വകാര്യ മേഖലയില്‍ പല കമ്പനികളും കൊവിഡ് പ്രതിസന്ധി ഒരു കാരണമാക്കി, തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും, പിരിച്ചു വിടുകയും ചെയ്യുമെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ഈ സുപ്രധാന തീരുമാനം ഒമാന്‍ പ്രഖ്യാപിച്ചത്. ഈ പുതിയ തീരുമാനങ്ങള്‍ ദേശീയ തൊഴില്‍ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും, ജോലി സ്ഥലത്ത് അവരുടെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണെന്നും ഒമാന്‍ ഗവണ്‍മെന്റ് ചൂണ്ടിക്കാട്ടുന്നു.

പ്രശ്‌ന പരിഹാരത്തിന് പ്രത്യേക സമിതി

ഇത്തരം തൊഴില്‍ വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക സമിതിയെയും ഒമാന്‍ നിയമിച്ചു. ഇതിനായി വിവിധ വകുപ്പുകളിലെ അണ്ടര്‍സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കും.  ദേശീയ തൊഴില്‍ കേന്ദ്രത്തിന്റെ സിഇഒ, ധനകാര്യ മന്ത്രാലയം, ഒമാന്‍ ട്രേഡ് യൂണിയന്‍ ജനറല്‍ ഫെഡറേഷന്‍, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, മാന്‍പവര്‍ മന്ത്രാലം തുടങ്ങീ ബന്ധപ്പെട്ടവര്‍ ഈ സമിതിയില്‍ ഉള്‍പ്പെടും. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സേവനം അവസാനിപ്പിക്കുന്നതും, ശമ്പളം വെട്ടികുറയ്ക്കുന്നതും, പിരിച്ചുവിടുന്നതും ഈ സമിതി പരിശോധിക്കും. തുടര്‍ന്ന് ഉചിതമായ പരിഹാരങ്ങളും സംവിധാനങ്ങളും കണ്ടെത്താനും സമിതിയ്ക്ക് അധികാരമുണ്ട്. ഇതോടൊപ്പം, ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ടാസ്‌ക് ഫോഴ്സിനെയും രൂപീകരിക്കും.

മൂന്ന് മാസം മുമ്പേ സമിതിയെ കമ്പനികള്‍ വിവരം അറിയിക്കണം

ഇപ്രകാരം, കമ്പനികളും സ്ഥാപനങ്ങളും കൊവിഡ് മൂലം പാപ്പരത്തമോ അടച്ചുപൂട്ടലോ നേരിട്ടാലും, തൊഴിലാളികളെ കൂട്ടത്തോടെ അവസാനിപ്പിക്കരുതെന്ന വലിയ മുന്നറിയിപ്പാണ് ഒമാന്‍ നല്‍കുന്നത്. കൂടാതെ, ജോലി അവസാനിപ്പിക്കുന്നതിനുള്ള കാരണങ്ങള്‍, സേവനങ്ങള്‍, പ്രായോഗിക അനുഭവങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ കൂടി സമിതിയെ അറിയിക്കണം. തുടര്‍ന്ന് , കമ്മിറ്റി അവലോകനം ചെയ്ത്, ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഇതിനായി, ഇത്തരം വിവരങ്ങള്‍ മൂന്ന് മാസം മുമ്പേ സ്വകാര്യ കമ്പനികള്‍ ഈ സമിതിയെ അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു. ചുരുക്കത്തില്‍, കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ്, ഒമാനിലെ സ്വകാര്യ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശ തൊഴിലാളികളെയും, സ്വദേശികളെയും ജോലിയില്‍ നിന്ന് പിരിച്ചു വിടുക എന്നത് എളുപ്പകരമാകില്ല.