കൊവിഡ് 19 പ്രതിസന്ധി: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘവീക്ഷണവും ദിശാബോധവുമില്ലെന്ന് ആര്‍.ജി.ഐ.ഡി.എസ് പഠന റിപ്പോര്‍ട്ട്

Jaihind News Bureau
Saturday, September 5, 2020

 

തിരുവനന്തപുരം: കോവിഡ്-19 സംസ്ഥാനത്തുണ്ടാക്കിയ പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘവീക്ഷണവും ദിശാബോധവുമില്ലെന്ന് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്‍റ് സ്റ്റഡീസിന്‍റെ (ആര്‍.ജി.ഐ.ഡി.എസ്) പഠന റിപ്പോര്‍ട്ട്. വിവിധ മേഖലകളില്‍ സംസ്ഥാന നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വ, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇവടക്കമുള്ള വെളിപ്പെടുത്തലും നിര്‍ദ്ദേശങ്ങളും അടങ്ങിയ ആര്‍.ജി.ഐ.ഡി.എസ് റിപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി പ്രകാശനം ചെയ്തു.

ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ കോവിഡ്- 19 ന്റെ ആദ്യഘട്ടത്തില്‍ രോഗവ്യാപനം തടയാന്‍ കേരളത്തിന് കഴിഞ്ഞു. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ (ഏപ്രില്‍, മെയ് അവസാന ആഴ്ചകളില്‍) സംസ്ഥാനം കോവിഡ് പരിശോധന ഗണ്യമായി കുറച്ചു. ഇത് ശരിയായ ഒരു തീരുമാനമായിരുന്നില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മലയാളികളുടെ തുടര്‍ച്ചയായ മടങ്ങിവരവ് കേരളത്തിലേക്ക് നടന്നു. ഈ സാഹചര്യത്തില്‍, മടങ്ങിയെത്തിയ പ്രവാസികളുടെ ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഒരു പദ്ധതി ആവിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.

മടങ്ങിയെത്തുന്നവരുടെ ഇന്‍സ്റ്റിറ്റ്യൂട്ടഷണല്‍ ക്വാറന്റീനായി രണ്ട് ലക്ഷം മുറികള്‍ ലഭ്യമാണെന്നാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. പക്ഷേ കഷ്ടിച്ച് 20,000 മുറികള്‍ പോലും ലഭ്യമായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ കോവിഡ് -19 ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അണുബാധയുടെ വ്യാപനം തടയുന്നതിന് പര്യാപ്തമല്ലെന്ന് പഠനം കണ്ടെത്തി. കോവിഡ്- 19 വലിയ തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥാപനങ്ങളിലും ഈ അവസ്ഥയെ നേരിടാനുള്ള സൗകര്യങ്ങളില്ല. അതുപോലെ തന്നെ, കോവിഡ് -19 രോഗികളുടെ ക്വറന്റീന്‍ , ടെസ്റ്റിംഗ്, ചികിത്സ എന്നിവയില്‍ സ്വകാര്യമേഖലയിലെ ആശുപത്രികളേയും സ്ഥാപനങ്ങളേയും പങ്കെടുപ്പിക്കാത്തത് കോവിഡ്- 19 പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിച്ച നയത്തിലെ ഒരു പ്രധാന വീഴ്ചയാണ്. കോവിഡ്- 19 ന്റെ വ്യാപനം തടയലും അതിന്റെ ചികിത്സയും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ മാത്രമാക്കിയ നയം ഒരു വലിയ മണ്ടത്തരമാണ്.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ മൊത്തത്തിലുള്ള പ്രതികരണം വളരെ അപക്വമായിരുന്നു; കോവിഡ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുമല്ല; മറിച്ച് ചില സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്മ്യപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് കൂടുതല്‍ സമയം ചിലവഴിച്ചത്. ഈ രീതിയിലുള്ള ഒരു പകര്‍ച്ചവ്യാധിയോട് ഫലപ്രദമായി പ്രതികരിക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന് പരിശോധന, നിയന്ത്രണം, ചികിത്സയുമായി ബന്ധപ്പെട്ട ഡാറ്റ, വിവരങ്ങള്‍ എന്നിവയില്‍ ഉണ്ടായിരിക്കേണ്ട സുതാര്യതയാണ്. പക്ഷെ, ഈ വിഷയത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റയുടെ വിശ്വാസ്യത ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്.

കോവിഡ്- 19 ഉം ലോക്ഡൗണും സമ്പദ് ഘടനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. മാര്‍ച്ച് 24 മുതല്‍ മെയ് 17 വരെയുള്ള 55 ദിവസത്തെ ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ ജി.എസ്.ഡി.പിയുടെ വലിയ നഷ്ടം ഉണ്ടായി. ആദ്യ ഘട്ടത്തില്‍ (മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 19 വരെ) ജി.എസ്.ഡി.പിയുടെ മൊത്തം നഷ്ടം 82 ശതമാനമാണ്, രണ്ടാം ഘട്ടത്തില്‍ ഇത് 72 ശതമാനവും (ഏപ്രില്‍ 20 മുതല്‍ മെയ് 3 വരെ) മൂന്നാം ഘട്ടത്തില്‍ 61 ശതമാനവുമാണ് (മെയ് 4 മുതല്‍ മെയ് 17 വരെ). ഈ 55 ദിവസങ്ങളില്‍ ജി.എസ്.ഡി.പിയുടെ മൊത്തം നഷ്ടം 87,159 കോടി രൂപയാണ്; ഇത് ഒരു വര്‍ഷത്തെ ജി.എസ്.ഡി.പിയുടെ 11 ശതമാനത്തിന് തുല്യമാണ്. ഓരോ മേഖലയും തിരിച്ചുള്ള നഷ്ടം കാണിക്കുന്നത് പ്രാഥമിക മേഖലയ്ക്ക് 7305 കോടി രൂപയും ദ്വിതീയ മേഖലയ്ക്ക് 21,836 കോടി രൂപയും തൃതീയ മേഖലയ്ക്ക് 47,605 കോടി രൂപയും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജി.എസ്.ഡി.പി നെഗറ്റീവ് വളര്‍ച്ചാ നിരക്ക് (പൂജ്യത്തിന് താഴെ) രേഖപ്പെടുത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. അത്യാവശ്യമുള്ള ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ നല്‍കുന്നതിനും കോവിഡ് -19 നോട് ബന്ധപ്പെട്ട പൊതുജനാരോഗ്യച്ചെലവ് നടത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക പുനരുജ്ജീവന പാക്കേജുകള്‍ക്കായി പണം ചെലവഴിക്കാനുള്ള കഴിവ് സംസ്ഥാനത്തിന് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഫണ്ടുകളുടെ അപര്യാപ്തത കാരണം മതിയായ കോവിഡ് -19 പരിശോധനകള്‍ സര്‍ക്കാര്‍ നടത്തുന്നില്ല. അതേ പോലെ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വിദേശത്തുമുള്ള ഹോട്ട്സ്‌പോട്ട് സ്ഥലങ്ങളില്‍ നിന്ന് മടങ്ങിവരുന്ന വ്യക്തികള്‍ക്കായി ഇന്‌സ്ടിട്യൂഷനല്‍ ക്വാറന്റീന്‍ ഒരുക്കാനും സര്‍ക്കാരിന് കഴിയുന്നില്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് പകരം, രോഗം പകരാതിരിക്കാന്‍, ഹോം ക്വാറന്റീന്‍ മതിയെന്ന് സര്‍ക്കാര്‍ പറയുന്നു.

ചടങ്ങില്‍ കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴയക്ക്ന്‍ ആമുഖ പ്രഭാഷണം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബി.എസ്. ഷിജു സ്വഗാതം പറഞ്ഞു. പഠനം നടത്തിയ സമിതിയുടെ കണ്‍വീനര്‍ പ്രൊഫ. ബി.എ.പ്രകാശ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും അവതരിപ്പിച്ചു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി. പാലോട് രവി, എം.ആര്‍.തമ്പാന്‍, മുന്‍ അഢീഷണല്‍ ചീഫ് സെക്രട്ടറി പ്രൊഫ. ഉമ്മന്‍. വി. ഉമ്മന്‍, പ്രൊഫ. മേരി ജോര്‍ജ്, പ്രൊഫ.ജോര്‍ജ്, ഡോ. വിജയ ലക്ഷ്മി, അരുണ്‍ ബി നായര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അക്കാദമിക രാഷ്ട്രീയ രംഗത്തെ പത്തോളം പ്രമുഖരും ചടങ്ങില്‍ സന്നിതരായിരുന്നു.

റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍

കോവിഡ് -19 ന്റെ അതിവേഗ വ്യാപനവും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും കേരളത്തിലെ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ഇതുവരെ 1000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത് ചെറുകിട കര്‍ഷകരെയും കാര്‍ഷികത്തൊഴിലാളികളെയും സാമ്പത്തിക ദുരിതത്തിലേക്കും കടബാധ്യതയിലേക്കും നയിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാഗമായി കാര്‍ഷിക മേഖലയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1.63 ലക്ഷം കോടി രൂപയുടെ പാക്കേജും തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 കോടി രൂപയുടെ സുഭിക്ഷ പാക്കേജും കര്‍ഷകരും കാര്‍ഷികത്തൊഴിലാളികളും നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ല.

കേരളത്തിലുട നീളമുള്ള ഐ.ടി, ഐടി പ്രാപ്ത സേവന (ഐടിഇഎസ്) കമ്പനികളുടെ സംഘടനയായ ജി-ടെക് പറയുന്നതനുസരിച്ച് 2020 ഡിസംബറോടെ ഈ മേഖലയ്ക്ക് 4500 കോടി രൂപയുടെ നഷ്ടം നേരിടേണ്ടിവരും. കൂടാതെ, 26,000 നേരിട്ടുള്ള ജോലികളും 80,000 പരോക്ഷ ജോലികളും നഷ്ടപ്പെടുകയും ചെയ്യും. കോവിഡ് -19 ഉം തുടര്‍ന്നുള്ള ലോക്ഡൗണും സംസ്ഥാനത്തെ ചെറുകിട ഇടത്തരം മേഖലയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ലോക്ക്ഡൗണ്‍ മൂലം കാര്യമായി ബന്ധിക്കപ്പെട്ട പണലഭ്യത, സമ്പദ്വ്യവസ്ഥയില്‍ ഈ മേഖലയ്ക്കുള്ള ആശ്രിതത്വം, തൊഴിലാളികളുടെ ലഭ്യതയില്ലായ്മ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വന്ന നിയന്ത്രണങ്ങള്‍ എന്നിവയാണ് ഇതിനു പ്രധാന കാരണങ്ങള്‍.

2018-ലെ വെള്ളപ്പൊക്കത്തെയും നിപ്പ വൈറസ് ഭീതിയെയും തുടര്‍ന്ന് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവില്‍ നിന്നും കരകയറിത്തുടങ്ങിയ യാത്രാ, ടൂറിസം വ്യവസായം കോവിഡ് -19 മഹാമാരി മൂലം വീണ്ടും തകര്‍ച്ചയുടെ പാതയിലാണ്. മറ്റേതു മേഖലയെക്കാളും ആളുകളുടെ സ്വതന്ത്രവും ആത്മവിശ്വാസമുള്ളതുമായ സഞ്ചാരത്തെ ആശ്രയിക്കുന്ന കേരളത്തിന്റെ യാത്രാ, ടൂറിസം മേഖലയ്ക്ക് മുമ്പിലുള്ളത് അപ്രത്യക്ഷമാകുന്ന ആയിരക്കണക്കിന് തൊഴിലുകളും മങ്ങിയ ഭാവിയുമാണ്. രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ ഫലമായി യാത്രകള്‍ നിരോധിക്കപ്പെട്ടതു കേരളത്തിലെ ടൂറിസം വ്യവസായ രംഗത്ത് കോടികളുടെ നഷ്ടം വരുത്തി. കേരളത്തിലെ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന യാത്രാ, ടൂറിസം മേഖലയ്ക്ക് ലോക്ക്ഡൗണ്‍ കാരണം 90 ശതമാനത്തിലധികം നഷ്ടം നേരിട്ടു. കോവിഡ് -19 വ്യാപനം കൂടുന്നതനുസരിച്ച് ഈ പ്രവണത തുടരുകയാണെങ്കില്‍ ഈ മേഖലയിലെ തൊഴിലുകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകും. കേരള സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ചു ലോക്ക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് 15,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

ലോകമെമ്പാടുമുള്ള വിനോദ വ്യവസായത്തെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ കോവിഡ് -19 മഹാമാരി കാരണമായി. ലോക്ക്ഡൗണ്‍ മൂലം തീയേറ്ററുകള്‍ അടച്ചിട്ടതിനാലും കൊറോണ വൈറസ് വ്യാപനം മൂലം സിനിമ, ടെലിവിഷന്‍ സീരിയല്‍, പരസ്യങ്ങള്‍, പ്രമോഷണല്‍ ഇവന്റുകള്‍ എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുന്നതിനാലും കേരളത്തില്‍ വിനോദമേഖല മുഴുവന്‍ വലിയ നഷ്ടം നേരിടുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. ഈ ചിത്രങ്ങളുടെ മൊത്തം നിര്‍മ്മാണച്ചെലവ് ഏകദേശം 200 കോടി രൂപയാണ്. കൂടാതെ, നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി 26 ഓളം ചിത്രങ്ങളുമുണ്ട്. സംസ്ഥാനത്തെ ചലച്ചിത്രമേഖലയിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് 625 ഓളം തിയേറ്ററുകളുടെ ഉടമസ്ഥരായ എക്‌സിബിറ്റേഴ്‌സ്. അവരുടെ സാമ്പത്തിക നഷ്ടം എത്രയാണെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും കോവിഡ് -19 പകര്‍ച്ചവ്യാധിക്ക് മുമ്പായി ദിവസേനയുണ്ടായിരുന്ന ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കി നഷ്ടം കണക്കാക്കാന്‍ കഴിയും. കോവിഡ് -19 നു മുന്‍പ് ഒരു സാധാരണ ദിവസം കേരളത്തിലെ എല്ലാ സിനിമാ തിയേറ്ററുകളിലും കൂടിയുള്ള ശരാശരി വരുമാനം ഏകദേശം 1.30 കോടി രൂപയായിരുന്നു. ഈ വരുമാനത്തിലേക്ക് ഉടനെ മടങ്ങിയെത്താനാകുമെന്നത് ഒരു വിദൂര സാധ്യതയാണ്. പ്രദര്‍ശനം നടക്കുന്നില്ലെങ്കിലും വളരെ ഉയര്‍ന്ന വൈദ്യുതി ബില്‍ അടയ്ക്കേണ്ടത് എക്സിബിറ്റര്‍മാരുടെ പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു.

കേരളത്തിലെ വിനോദ മേഖലയുടെ ഭാഗമാണ് സംസ്ഥാനത്തെ അര ഡസനിലധികം വരുന്ന അമ്യൂസ്മെന്റ് പാര്‍ക്കുകള്‍. കൊച്ചിയിലെ പ്രശസ്തമായ വണ്ടര്‍ല ഉള്‍പ്പെടെയുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ 5000-ത്തോളം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും 30,000 ത്തോളം പേര്‍ക്ക് പരോക്ഷമായി ഉപജീവനമാര്‍ഗം നല്‍കുകയും ചെയ്യുന്നു. കോവിഡ് -19 മൂലം തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നത് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വിളിച്ചു വരുത്തിയിട്ടുള്ളത്. ഈ മേഖലയിലെ നഷ്ടം 100 ശതമാനമാണ്. വണ്ടര്‍ല മാനേജ്മെന്റിന്റെ കണക്കനുസരിച്ച് അവര്‍ക്ക് പ്രതിമാസം നാല് കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്‌മെന്റ് പാര്‍ക്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഐ.എ.എ.പി.ഐ) ന്റെ കണക്കനുസരിച്ചു ലോക്ക്ഡൗണ്‍ മൂലം ഈ മേഖലയ്ക്കുണ്ടായ നഷ്ടം 1100 കോടി രൂപയാണ്.

സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ലോക്ക്ഡൗണ്‍ മൂലം മുമ്പുണ്ടായിട്ടില്ലാത്ത തരത്തില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുകയും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്തു. സംസ്ഥാനത്തെ മൂന്നില്‍ രണ്ടോളം വരുന്ന സ്വയം തൊഴില്‍ ചെയ്യുന്നവരേയും, കാഷ്വല്‍ തൊഴിലാളികളെയും രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കടബാധ്യത, സാമ്പത്തിക ദുരിതം എന്നിവയിലേക്ക് തള്ളി വിടുന്നതിനു ലോക്ക്ഡൗണ്‍ കാരണമായി.

കോവിഡ് -19 (ജൂണ്‍ 6, 2020, വരെ 186 മരണം) മൂലം പ്രവാസികളുടെ മരണസംഖ്യയിലുണ്ടായ വര്‍ദ്ധനവ്, ചികിത്സാ സൗകര്യങ്ങളുടെ അഭാവം, കോവിഡ് -19 രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രി കിടക്കകളുടെ അഭാവം, സ്വകാര്യ ആശുപത്രികളില്‍ ചെലവേറിയ ചികിത്സയ്ക്ക് വിധേയരാകാന്‍ കഴിയാഞ്ഞത്, ലേബര്‍ ക്യാമ്പുകളില്‍ ക്വറന്റീനുള്ള സ്ഥലക്കുറവ്, സൗകര്യങ്ങള്‍ ഇല്ലായ്മ തുടങ്ങിയവ പ്രവാസികളെ സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചു. കോവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് രണ്ടു മൂന്നു ലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. ഇതുമൂലം തങ്ങളുടെ നിലനില്‍പ്പിനായി പ്രവാസികള്‍ വിദേശത്തു നിന്നും അയയ്ക്കുന്ന പണത്തെ മാത്രം ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ക്ലേശങ്ങള്‍ നേരിടേണ്ടിവരും. പണമയയ്ക്കല്‍ കുറയുന്നത് ഭൂമിയിലുള്ള നിക്ഷേപം, വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും നിര്‍മ്മാണം, ഉപഭോഗം, വിദ്യാഭ്യാസം, ആരോഗ്യം, പ്രവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കല്‍ എന്നിവയെ പ്രതികൂലമായി ബാധിക്കും. പ്രവാസികള്‍ കൂടുതലുള്ള ജില്ലകളില്‍ സാമ്പത്തികമായ മാന്ദ്യമുണ്ടാകും. ഈ സാഹചര്യത്തില്‍, മടങ്ങിയെത്തിയ പ്രവാസികളില്‍ പകുതിയും സംസ്ഥാനത്ത് തന്നെ തൊഴില്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരായേക്കും. അതേസമയം തന്നെ, ഒരു ഗണ്യമായ എണ്ണം പ്രവാസികള്‍ തൊഴില്‍ രഹിതരായിത്തന്നെ തുടരാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ 3.1 ശതമാനം ആളുകള്‍ ജോലി ചെയ്യുന്നത് മത്സ്യബന്ധന മേഖലയില്‍ അനൗപചാരികമായി ജോലി ചെയ്യുന്ന ദിവസത്തൊഴിലാളികള്‍ക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും മത്സ്യക്കൃഷി നടത്തുന്നവരുടെയും ഉപജീവനമാര്‍ഗത്തെയും മത്സ്യത്തെ വളരെയധികം ആശ്രയിക്കുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷയേയും പോഷകാഹാരലഭ്യതയേയും മഹാമാരി ഇല്ലാതാക്കി.

ശുപാര്‍ശകള്‍

1. ആരോഗ്യപരിപാലന സംവിധാനം ഇന്ന് സംസ്ഥാനത്ത് നിലനിക്കുന്ന, രോഗം ചികിത്സിച്ചു ഭേദമാക്കുന്ന മാതൃകയേക്കാള്‍ കാര്യക്ഷമമായ പ്രാഥമികവും പ്രതിരോധത്തിലൂന്നിയതുമായ ഒരു ആരോഗ്യപരിപാലന സംവിധാനം നമുക്ക് ആവശ്യമാണ്.

2. ലബോറട്ടറി ശൃംഖലയിലും പരിശോധനയിലും വര്‍ദ്ധനവ്, ആരോഗ്യ വിവര സംവിധാനത്തിന്റെ മെച്ചപ്പെടുത്തല്‍, കോവിഡ്- 19 തടയുന്നതിനും ചികിത്സിക്കുന്നതിനും സ്വകാര്യ മേഖലയിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിനിയോഗിക്കല്‍ , അക്കാദമിക, ഗവേഷണ സ്ഥാപനങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കല്‍ , വിദഗ്ധവും കാര്യക്ഷമവുമായ പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിന് മുന്‍ഗണന, കമ്മ്യൂണിറ്റികളുമായുള്ള ഇടപഴകല്‍, ആശയവിനിമയം എന്നിവയും ഇന്നത്തെ സാഹചര്യത്തില്‍ വളരെയധികം പ്രധാനപ്പെട്ടവയാണ്.

3. ആരോഗ്യമേഖലയില്‍ കേരളം ഇന്ന് നേരിടുന്ന ഗുരുതരമായ ഒരു പ്രശ്‌നം മാലിന്യ നിര്‍മാര്‍ജന വ്യവസ്ഥയുടെ തകര്‍ച്ചയാണ്.

4. ഇത് പരിഹരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും കോവിഡ്- 19 ന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യണം.

5. അണുബാധ പടരുന്ന സമയത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുക, കമ്മ്യൂണിറ്റി അടുക്കളകള്‍ സംഘടിപ്പിക്കുക, അതോടൊപ്പം എന്‍.ജി.ഒകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ ആവശ്യമായ മറ്റു സഹായങ്ങള്‍ നല്‍കുക തുടങ്ങിയ അധിക ചുമതലകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറേണ്ടത് അത്യാവശ്യമാണ്.

6. ജി.എസ്.ഡി.പിയുടെ നഷ്ടം വളരെ വലുതും ഇപ്പോഴത്തെ പ്രതിസന്ധി സമീപഭാവിയില്‍ ഒരു മാന്ദ്യമായി മാറാന്‍ സാധ്യതയുമുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം.

7. ഓരോ മേഖലയെയും ഉപമേഖലകളെയും പുനരുജ്ജീവിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയും വേണം.

8. പുനരുജ്ജീവന പാക്കേജിനുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി, പദ്ധതിച്ചെലവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ചെലവില്‍ ഗണ്യമായ കുറവു വരുത്തണം.

9. ഒരു വര്‍ഷത്തേക്കുള്ള ഒരു പ്ലാന്‍ അവധിയും സാമ്പത്തിക പുനരുജ്ജീവന പാക്കേജിനായി ലഭ്യമായ ഫണ്ടുകള്‍ കോവിഡ്- 19 ന്റെ വ്യാപനം തടയുന്നതിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി വഴിതിരിച്ചു വിടുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കണം.

10. എല്ലാ വകുപ്പുകളുടെയും തദ്ദേശ സ്വയം-ഭരണ സ്ഥാപനങ്ങളുടെയും മറ്റു സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളുടെയും അമിതച്ചെലവുകള്‍ കുറയ്ക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

11. 2020-21 അധ്യയന വര്‍ഷത്തില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പുതിയ ബാച്ചുകള്‍, പൊതു-സ്വകാര്യ പങ്കാളിത്ത മേഖലകളില്‍ പുതിയ തസ്തികകള്‍ തുടങ്ങിയവ സൃഷ്ടിക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മാറ്റിവയ്ക്കണം.

12. അനാവശ്യ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കിയും അധിക കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടും സര്‍ക്കാര്‍ ശമ്പള ഭാരം കുറയ്ക്കം.

13. സംസ്ഥാനത്തു കോവിഡ്- 19 പ്രതിസന്ധി മൂലമുണ്ടായ വരുമാനനഷ്ടം, ലോക്ഡൗണിനു ശേഷമുള്ള സാമ്പത്തിക സ്ഥിതി എന്നിവ സംബന്ധിച്ച വസ്തുതകള്‍ എന്നിവ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കണം.

14. ഇപ്പോഴത്തെ മോശമായ ധനസ്ഥിതി, കോവിഡ്- 19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന്റെ പങ്ക്, തന്ത്രത്തിലും സമീപനത്തിലും വേണ്ട മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു പൊതുചര്‍ച്ചയും ആവശ്യമാണ്.

15. വെള്ളപ്പൊക്കവും പ്രകൃതിദുരന്തവും മൂലം വിളനാശമുണ്ടായതിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക.

16. കൃഷിക്കാരുടെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിക്കുക.

17. വായ്പ എഴുതിത്തള്ളുക.

18. ഗ്രാമീണ കാര്‍ഷിക വിപണികള്‍ പ്രചരിപ്പിക്കുക.

19. വിവിധ മാര്‍ഗങ്ങളിലൂടെ വിപണനം പ്രോത്സാഹിപ്പിക്കുക.

20. ഓരോ ഗ്രാമപഞ്ചായത്തിലെയും കൃഷിഭവനത്തില്‍ കാര്‍ഷികവൃത്തി പ്രധാന ജീവിത മാര്‍ഗമായ കര്‍ഷകരുടെയും സ്വയംതൊഴില്‍ കര്‍ഷകരുടെയും കാര്‍ഷികത്തൊഴിലാളികളുടെയും ഒരു രജിസ്ട്രി സൃഷ്ടിക്കുക.

21. ശാസ്ത്രീയമായ ശീതീകരണ സംവിധാനമുള്ള കടകളിലൂടെ മാത്രം മത്സ്യം വില്‍ക്കുക.

22. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് താമസവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക.

23. കൃഷിക്ക് സമാനമായ മത്സ്യകൃഷി പ്രഖ്യാപിക്കുക.

24. മുഴുവന്‍ സമയ മത്സ്യത്തൊഴിലാളികള്‍, സ്വയംതൊഴില്‍ മത്സ്യത്തൊഴിലാളികള്‍, മത്സ്യബന്ധന മേഖലയിലെ കാഷ്വല്‍ തൊഴിലാളികള്‍ (സമുദ്ര, ഉള്‍നാടന്‍) എന്നിങ്ങനെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളോടും ഫിഷറീസ് വകുപ്പില്‍ (പ്രാദേശിക ഓഫീസുകളില്‍) രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുക.

25. സബ്‌സിഡികളും മറ്റു സാമ്പത്തിക സഹായങ്ങളും രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുക.

26. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാടക ഇളവ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐടി കമ്പനികളിലേക്കും വ്യാപിപ്പിക്കണം. ഈ ഇളവു 2020 ഏപ്രില്‍ മുതല്‍ ആറ് മാസത്തേക്ക് നല്‍കണം.

27. സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക വേഗത്തില്‍ കൊടുത്തു തീര്‍ക്കാനും ജി.എസ്.ടി റീഫണ്ടിനുമായുള്ള ഐടി കമ്പനികളുടെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും വേണം.

28. മിക്ക ഐടി യൂണിറ്റുകളും എം.എസ്.എം.ഇകളുടെ പരിധിയില്‍ വരുന്നതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പുനരുജ്ജീവന പാക്കേജില്‍ പ്രഖ്യാപിച്ച സഹായം, തൊഴിലാളികള്‍ക്കുള്ള പിന്തുണ, വായ്പാ പിന്തുണ തുടങ്ങിയ മറ്റ് നടപടികളും ഐടി കമ്പനികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

29. എം.എസ്.എം.ഇ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ശമ്പള പരിരക്ഷണ പരിപാടി നടപ്പിലാക്കുക. മൂലധന ലഭ്യത വര്‍ധിപ്പിക്കുക.

30. വായ്പ തിരിച്ചടവ്, പലിശ എഴുതിത്തള്ളല്‍ എന്നിവയ്ക്ക് ആറു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുക.

31. കരകൗശലത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, കൈത്തറി, കുടില്‍ വ്യവസായങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുക, എം.എസ്.എം.ഇകള്‍ക്ക് ആറുമാസത്തേക്ക് നികുതി അവധി പ്രഖ്യാപിക്കുക.

32. കുടിയേറ്റത്തൊഴിലാളികളെ വ്യാവസായിക ക്ലസ്റ്ററുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായം നല്‍കുക.

33. ജി.എസ്.ടി നികുതി നിരക്കുകള്‍ യുക്തിസഹമാക്കുക. ജി.എസ്.ടി ഘടന ലളിതമാക്കുക, എം.എസ്.എം.ഇകളെ ശക്തിപ്പെടുത്തുന്നതിന് പുനരുജ്ജീവന നടപടികള്‍ നടപ്പിലാക്കുക.

34. റിസോര്‍ട്ടുകളെയും ഹോട്ടലുകളെയും പണമടച്ച് എടുക്കാവുന്ന താത്കാലിക ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി മാറ്റണം.

35. ടൂറിസം വ്യവസായം പുനരുജ്ജീവിക്കുന്നതുവരെ ടൂറിസ്റ്റ് യൂണിറ്റുകളിലെ സ്ഥിര ജീവനക്കാര്‍ക്ക് ഉടമകള്‍ പകുതി ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

36. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കടമെടുത്ത ഫണ്ടുകള്‍ക്കുള്ള പലിശയും തിരിച്ചടയ്ക്കുന്നതിന് കൂടുതല്‍ സമയം നല്‍കുക.

37. സമ്പന്നരെ ഉദ്ദേശിച്ചുള്ള ആഡംബര ടൂറിസത്തില്‍ നിന്ന് ശ്രദ്ധ മാറ്റി മധ്യവര്‍ഗ ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് താങ്ങാനാവുന്ന ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

38. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരളത്തെ ആരോഗ്യ ടൂറിസം കേന്ദ്രമായി ഉയര്‍ത്തുക.

39. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദവ്യവസായത്തെ രക്ഷിക്കാന്‍ സര്‍കാരിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്.

40. തിയേറ്ററുകളിലേക്ക് ആളുകള്‍ വരാന്‍ സാധ്യതയില്ലാത്തതിനാല്‍ നേരത്തെ നിശ്ചയിക്കപ്പെട്ട നിരക്കുകള്‍ സര്‍ക്കാര്‍ ഒഴിവാക്കണം.

41. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ (എം.എന്‍.ആര്‍.ഇ.ജി.എസ്) പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ജോലി ചെയ്യുന്നതായി കണക്കാക്കപ്പെടുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എം.എന്‍.ആര്‍.ഇ.ജി.എസിന് കീഴില്‍ നല്‍കാനുള്ള കുടിശ്ശിക സംസ്ഥാനങ്ങള്‍ക്ക് അടിയന്തിരമായി നല്‍കുക.

42. എം..എന്‍.ആര്‍.ഇ.ജി.എ ഫലപ്രദവും കര്‍ക്കശ നിബന്ധനകളില്ലാതെയും സൗകര്യപ്രദവുമായി നടപ്പാക്കുക.

43. ബജറ്റ് വിഹിതം വര്‍ദ്ധിപ്പിക്കുക.

44. കുടിയേറ്റത്തൊഴിലാളികളുടെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തുക.

45. ഒരു കുടുംബത്തിന്റെ തൊഴില്‍ ദിവസങ്ങള്‍ 100 ല്‍ നിന്ന് 150 ആക്കി ഉയര്‍ത്തുക. ചെറിയ ജോലികള്‍ തെരഞ്ഞെടുക്കുന്നത് സാധ്യമാക്കുക.

46. സൗകര്യപ്രദവും പരിധിക്കുള്ളില്‍ നിന്നുള്ളതുമായ തൊഴില്‍ മെറ്റീരിയല്‍ അനുപാതം ഉറപ്പു വരുത്തുക. വര്‍ക്ക് സൈറ്റുകള്‍ ഉടനടി തുറക്കുക.

47. വേതന നിരക്ക് വര്‍ദ്ധിപ്പിക്കുക. ഏറ്റവും കുറവ് രേഖകളെ അടിസ്ഥാനമാക്കി ജോലി അനുവദിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുകളെ ശക്തീകരിക്കുക. എം.ജി.എന്‍.ആര്‍.ജി.എസിന് കീഴില്‍ പുതിയ തരത്തിലുള്ള ജോലികള്‍ ഉള്‍പ്പെടുത്തുക.

48. ഹ്രസ്വകാല തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക. ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പിലാക്കുക.

49. മടങ്ങിയെത്തുന്ന ധാരാളം പ്രവാസികളെ അവര്‍ക്ക് ലാഭകരമായ സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ അവര്‍ക്ക് നല്‍കണം.

50. കേരളത്തില്‍ ജോലി ചെയ്തിരുന്ന കുടിയേറ്റത്തൊഴിലാളികള്‍ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത് മൂലവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നത് മൂലവും തൊഴില്‍ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഹരിക്കേണ്ടതും കൂടുതല്‍ ലാഭകരമായ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതും ആവശ്യമാണ്.

51. കുടിയേറ്റത്തൊഴിലാളികള്‍ക്കു പകരമായി ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവരെ റീ-സ്‌കില്ലിംഗ് അല്ലെങ്കില്‍ അപ്-സ്‌കില്ലിംഗ് എന്നിവ നടത്തി തൊഴിലിനു സജ്ജമാക്കാനുള്ള ഒരു വലിയ പദ്ധതി ആവിഷ്‌കരിക്കുക. ഗള്‍ഫില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുക.

52. താഴേത്തട്ടിലുള്ള ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ക്ക് പരിശീലനവും കൗണ്‍സിലിംഗും നല്‍കുക. വേതന നിരക്ക് ഉയര്‍ന്ന നിലയില്‍ നിന്ന് ഇടത്തരം നിരക്കിലേക്കു മാറ്റുക.

53. തൊഴില്‍ ബന്ധം, ശ്രമിക് ബന്ധു എന്നീ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കണം.

54. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ ജോലി ചെയ്യുന്നവരുമായ എല്ലാ കുടിയേറ്റത്തൊഴിലാളികളോടും തൊഴില്‍ വകുപ്പില്‍ (ജില്ലാ, താലൂക്ക് അല്ലെങ്കില്‍ സബ് ഓഫീസുകളില്‍ ) രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടണം.

55. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണം.