കൊവിഡ് പ്രതിരോധം : സർവകക്ഷിയോഗം നാളെ ; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോ എന്നറിയാം

Jaihind Webdesk
Sunday, April 25, 2021


തിരുവനന്തപുരം : കൊവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ സർവകക്ഷിയോഗം നാളെ. അതേസമയം നാളെ യോഗം ചേരാനിരിക്കെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ അടച്ചിടൽ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങളും വ്യാപാര മേഖലയും.

രണ്ടു ദിവസം നടപ്പാക്കുന്നത് പോലെയുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതു കഴിഞ്ഞ് ഒരാഴ്ച കൂടിയോ വേണമെന്ന അഭിപ്രായമാണ് ആരോഗ്യ വിദഗ്ധർക്കുള്ളത്. എന്നാൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. കൂലിപ്പണിക്കാർ ഉൾപ്പെടെ തൊഴിലാളികളുടെ ദിവസ വരുമാനവും നിലയ്ക്കും. എങ്കിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.

ലോക്ക്ഡൗണിനെ അനുകൂലിക്കില്ലെന്നും നിയന്ത്രണങ്ങളെ പിന്തുണയ്ക്കുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ ഒഴിവാക്കി സർക്കാർ എടുക്കുന്ന നടപടികൾക്ക് പിന്തുണ നൽകുമെന്ന് ബിജെപിയും പറയുന്നു.

രാത്രി കട അടയ്ക്കുന്നത് ഒൻപതിലേക്ക് മാറ്റണമെന്നും 10 മുതൽ കർഫ്യൂ പ്രഖ്യാപിക്കണമെന്നുമുള്ള അഭിപ്രായമാണ് വ്യാപാര മേഖലയ്ക്കുള്ളത്. ഹോട്ടലുകളുടെ പ്രവർത്തനം 9 വരെയെങ്കിലും ദീർഘിപ്പിക്കണമെന്ന ആവശ്യവും ഹോട്ടൽ ഉടമകൾ ഉന്നയിക്കുന്നു.