കൊവിഡ്: കോഴിക്കോടും കാസർകോടും നിരോധനാജ്ഞ

കോഴിക്കോട് / കാസര്‍കോട്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോടും കാസർകോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ച് പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല. ഉത്സവങ്ങളടക്കം മതപരമായ ചടങ്ങുകൾക്ക് പൂർണവിലക്ക് ഏർപ്പെടുത്തി. ഭക്ഷ്യ വസ്തുക്കള്‍, മരുന്ന് തുടങ്ങി അവശ്യ വസ്തുക്കളുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണി മുതല്‍ രാത്രി 7 മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ നടപടികള്‍ ലംഘിക്കുന്ന പക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഇനിയൊരറിയിപ്പുണ്ടാവുന്ന വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കളക്ടര്‍മാരുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 5, എറണാകുളം 2, മലപ്പുറം 2, കോഴിക്കോട് 2 കണ്ണൂർ 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 64 ആയി. 59,295 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 58981 പേർ വീടുകളിലും 314 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Comments (0)
Add Comment