സിപിഎം അംഗത്തിന്‍റെ വികസന ഡയറിയിൽ കാർ പാലസിന്‍റെ കവർ പരസ്യം ; തെരഞ്ഞെടുപ്പിലും വിവാദ സ്ഥാപനത്തെ കൂട്ടുപിടിച്ച് പാർട്ടി

Jaihind News Bureau
Sunday, November 29, 2020

 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി വാർഡ് വികസന ഡയറിയിൽ വന്ന കാർ പാലസിന്‍റെ കവർ പരസ്യം വിവാദമാവുന്നു. മുൻ നഗരസഭാ കൗൺസിലർ ഐ.പി ബിനു കോർപ്പറേഷൻ മുദ്രയോടെ പുറത്തിറക്കിയിട്ടുള്ള വികസന ഡയറിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റേതടക്കമുള്ള രണ്ട് മന്ത്രിമാരുടെ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.

2015 മുതൽ 2020 വരെയുള്ള കാലയളവിൽ കുന്നുകുഴി വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ വികസന ഡയറിയുടെ കവർ പേജിലാണ് സമീപകാലത്ത് ഏറെ വിവാദമായ കാർ പാലസിന്‍റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അന്ന് കൗൺസിലറായിരുന്ന ഐ.പി ബിനുവിന്‍റെ പേരിലാണ് വികസന ഡയറി പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ ശൈലജ, മേയർ കെ ശ്രീകുമാർ, വി.കെ പ്രശാന്ത് എം.എൽ.എ എന്നിവരുടെ സന്ദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കാർ പാലസിന്‍റെ ഉടമ അബ്ദുൾ ലത്തീഫിനെ ചോദ്യം ചെയ്തിരുന്നു. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് അബ്ദുള്‍ ലത്തീഫെന്ന സംശയവും ഇ.ഡിക്കുണ്ട്. ഇത്തരത്തിൽ വിവാദത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിന്‍റെ പരസ്യം സി.പി.എം മുൻ കൗൺസിലർ വാർഡിന്‍റെ വികസന രേഖയിൽ ഉൾപ്പെടുത്തിയതാണ് വിവാദമാവുന്നത്.

നിലവിൽ ബിനീഷ് വിഷയത്തിൽ സി.പി.എമ്മും സർക്കാരും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തിൽ നഗരസഭയുടെ മുദ്രവെച്ച് അച്ചടിച്ചു പുറത്തിറക്കിയിരിക്കുന്ന വികസന ഡയറി ഈ തെരെഞ്ഞെടുപ്പ് ഘട്ടത്തിൽ ചൂടു പിടിച്ച രാഷ്ട്രീയ ചർച്ചകൾക്കാവും വഴിതെളിക്കുക.