വാഷിംഗ്ടണ്‍ : മാരക കൊറോണ വൈറസ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ എന്നിവയെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ കൊവാക്സിന്‍ ഫലപ്രദമെന്ന് യു.എസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) റിപ്പോര്‍ട്ട്. ഹൈദരാബാദിലുള്ള ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്.
കൊവാക്സിൻ സ്വീകരിച്ചവരിലെ സെറം പരിശോധിച്ചതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. ആൽഫ വകഭേദമായ ബി.1.1.7, ഡെൽറ്റ വകഭേദമായ ബി.1.617 എന്നിവക്കെതിരെ ആന്‍റിബോഡികൾ കൊവാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ട്. രണ്ട് ഘട്ടമായി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ ഇതുവരെ രണ്ടരക്കോടിയോളം പേർക്ക് കൊവാക്സിൻ നൽകിയതായാണ് കണക്കുകൾ വ്യക്തമാകുന്നത്.
ആശുപത്രിവാസം ഉൾപ്പെടെ വേണ്ടിവരുന്ന ഗുരുതര കൊവിഡ് രോഗമുള്ളവരിൽ 100% ഫലപ്രാപ്തി കൊവാക്സിൻ കാണിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രസിദ്ധീകരിക്കപ്പെടാത്ത ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഈ വര്‍ഷം അവസാനത്തോടെ മൂന്നാം ഘട്ട പരീക്ഷണഫലം പുറത്തുവിടുമെന്നും യുഎസ് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അറിയിച്ചു.