ഡെല്‍റ്റയെ തടയാന്‍ കോവാക്സിനും കോവീഷീല്‍ഡും ഫലപ്രദമെന്ന് കേന്ദ്രം

Jaihind Webdesk
Tuesday, June 22, 2021

 

കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ കോവിഡിന്‍റെ ഡെല്‍റ്റ വകഭേദം തടയാന്‍ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഒമ്പത് രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദവും കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

യു.എസ്.എ, യു.കെ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലണ്ട്, ജപ്പാന്‍, പോളണ്ട്, നേപ്പാള്‍, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത്. ഇന്ത്യയില്‍ 22 ഡെല്‍റ്റ പ്ലസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 16 കേസുകളും മഹാരാഷ്ട്രയിലെ ജാല്‍ഗണ്‍, രത്‌നഗിരി ജില്ലകളിലാണ്.

ഡെല്‍റ്റ പ്ലസ് വകഭേദത്തിന്‍റെ വ്യാപനത്തെക്കുറിച്ച് സൂക്ഷമമായി നിരീക്ഷിക്കണമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.