അതിജീവിതയുടെ ദുരിതം മറക്കാനാവില്ല; സ്ത്രീയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടു: വിധി പ്രസ്താവത്തിനിടെ കോടതിയുടെ നിരീക്ഷണങ്ങള്‍

Jaihind News Bureau
Saturday, December 13, 2025

കൊച്ചി: അതിജീവിതയ്ക്ക് നേരിടേണ്ടി വന്ന കടുത്ത യാതനകളും മാനസികാഘാതവും വിധി പ്രസ്താവത്തിനിടെ ഓര്‍മ്മിപ്പിച്ച് വിചാരണക്കോടതി. പ്രതികളുടെ പ്രവൃത്തി ഒരു സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും, ഇത് പരിഗണിക്കാതെ മുന്നോട്ട് പോകാന്‍ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി ഹണി എം. വര്‍ഗീസ് ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇരയുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തെയാകെ ബാധിക്കുന്ന ഒന്നാണെന്നും കോടതി നിരീക്ഷിച്ചു.

അതിജീവിതയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം പ്രതികള്‍ ലംഘിച്ചു. ഭയത്തിലേക്കും അപമാനത്തിലേക്കും നിസ്സഹായാവസ്ഥയിലേക്കുമാണ് പ്രതികള്‍ അവരെ തള്ളിവിട്ടതെന്നും കോടതി വിലയിരുത്തി. ഇരയ്ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ഈ സാഹചര്യത്തില്‍, ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്ന് നിര്‍ഭയ കേസിലെ സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും പരാമര്‍ശിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ശിക്ഷാവിധിയില്‍, കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും കോടതി പരിഗണിച്ചു. എല്ലാ പ്രതികളുടെയും പ്രായം 40 വയസ്സില്‍ താഴെയാണ്. ഒന്നാം പ്രതിയൊഴികെ മറ്റാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ല. പ്രതികളുടെ കുടുംബസാഹചര്യങ്ങളും കോടതി പരിഗണിച്ചു.