നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നല്‍കിയ പത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഹര്‍ജി എറണാകുളം സബ് കോടതി തള്ളി. ഇതോടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്രയ്ക്ക് സാധിക്കില്ല.
സംഘടനയുടെ ബൈലോ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ട യോഗ്യത സാന്ദ്രക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാല്‍, തനിക്ക് യോഗ്യതയുണ്ടെന്നും 9 സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര വാദിച്ചിരുന്നു. രണ്ടു ബാനറുകള്‍ക്ക് കീഴില്‍ സിനിമകള്‍ ചെയ്തുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തന്റെ പത്രിക തള്ളിയതെന്നും എന്നാല്‍ ഇതേ കാരണം ഉണ്ടായിട്ടും മറ്റൊരു നിര്‍മാതാവിന്റെ പത്രിക ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സ്വീകരിച്ചുവെന്നും സാന്ദ്ര ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പത്രിക തള്ളിയ നടപടി അനീതിയും പക്ഷപാതപരവുമാണെന്നും സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതി വിധി നിരാശാജനകമാണെന്നും നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം സാന്ദ്രാ തോമസിന്റെ ഹര്‍ജി തള്ളിയ കോടതി നടപടി സ്വാഗതാര്‍ഹമെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പ്രതികരിച്ചു. കോടതിവിധി ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സാന്ദ്ര തോമസ് ഉന്നയിച്ചിട്ടുള്ളത്. അവര്‍ നല്‍കിയ മൂന്നു ഹര്‍ജികളും കോടതി തള്ളിയെന്നത് തെരഞ്ഞെടുപ്പ് പ്രക്രിയകളെ ശരി വെക്കുന്നതാണ്. വെറും ഷോ മാത്രമാണ് സാന്ദ്ര നടത്തിയതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.