പെറ്റമ്മയ്ക്കൊപ്പം ; കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി കോടതി

തിരുവനന്തപുരം : മാസങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ അനുപമയ്ക്ക് നീതി ലഭിച്ചു. വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ സധൈര്യം നേരിട്ട ആ അമ്മയുടെ പോരാട്ടത്തിന് മുന്നില്‍ ഭരണകൂടം അടിയറവ് പറഞ്ഞു. ഒടുവില്‍ കോടതി ഇടപെടലിലൂടെ അനുപമയ്ക്ക് കുഞ്ഞിനെ ലഭിച്ചു. അനുപമയുടെ പോരാട്ട നാള്‍വഴിയിലൂടെ.

താനറിയാതെ ദത്തു നല്‍കിയ കുഞ്ഞിനു വേണ്ടി കേരളക്കര ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ പോരാട്ടമായിരുന്നു അമ്മ അനുപമയുടേത്. സിപിഎം പ്രവര്‍ത്തകരായ സ്വന്തം മാതാപിതാക്കള്‍ക്കെതിരെ കുഞ്ഞിനെ കടത്തിയതില്‍ പരാതി നല്‍കിയ മാനസിക സംഘര്‍ഷങ്ങളിലും പതറാതെ അനുപമ പിടിച്ചു നിന്നു. തുടക്കം മുതല്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അനധികൃതമായി കുഞ്ഞിനെ തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു അനുപമയുടെ സമരം .

ആരോപണങ്ങളെല്ലാം അനുപമ എണ്ണി പറഞ്ഞെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായില്ല. സിപിഎം പ്രവര്‍ത്തകര്‍ ആയിരുന്നിട്ടും ഈ അമ്മയുടെ വിതുമ്പലുകള്‍ക്കും മുന്നില്‍ മുഖം തിരിക്കുന്ന നടപടിയാണ് സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്നത്. കുഞ്ഞിനായുള്ള പി കെ ശ്രീമതിയുടെയും വൃന്ദാ കാരാട്ടിന്റേയും ഇടപെടലുകള്‍ ഇതിന് ഉദ്ദാഹരണമാണ്. എങ്കിലും ഇതിലൊന്നും തളരാതെ അനുപമ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസസമരം തുടങ്ങി. കുഞ്ഞിന് വേണ്ടിയുള്ള സമരത്തില്‍ പ്രതിപക്ഷം അടക്കം അനുപമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

ഇതോടെ അനുപമയുടെ പോരാട്ടത്തില്‍ സിപിഎമ്മും സര്‍ക്കാരും ഒരുപോലെ പ്രതിരോധത്തിലായി. എന്നാല്‍ സ്ത്രീ സുരക്ഷക്കായി ഏതറ്റംവരെ പോകുമെന്ന് നിരവധി വേദികളില്‍ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി, ഈ അമ്മയുടെ കണ്ണുനീരിന് മുന്നില്‍ നിന്നും ഓടിയൊളിച്ചു. വിവാദങ്ങള്‍ ചാട്ടുളിപോലെ തിരിച്ചുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടര്‍ന്നു. അവിടെയും നീതി ലയഭിക്കില്ലെന്ന് മനസ്സിലാക്കിയ അനുപമ, ആരോപണവിധേയരായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശിശുക്ഷേമ സമിതിക്കു മുന്നില്‍ സമരം ആരംഭിച്ചു. തുടര്‍ന്ന് നാനാകോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ശക്തമായതോടെ ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ കോടതിയില്‍ ദത്ത് നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസില്‍ കോടതി ഇടപെടല്‍ നടത്തിയതോടെ, അനുപമയുടെ പോരാട്ടങ്ങള്‍ ജീവന്‍ വെച്ചു തുടങ്ങി. പിന്നീട് അന്വേഷണങ്ങള്‍ക്കൊടുവില്‍ ആന്ധ്രയിലെ ദമ്പതികളുടെ ഫോസ്റ്റര്‍ കെയറിലാണ് കുഞ്ഞു ഉള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഉത്തരവിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി സംഘം ആന്ധ്രയിലേക്ക് തിരിച്ചു. കുഞ്ഞിനെ തിരികെ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്തി. കുഞ്ഞ് അനുപമയുടേതും അജിത്തിന്റേതുമാണെന്നുമുള്ള ഡിഎന്‍എ ഫലം കേസില്‍ നിര്‍ണ്ണായകമായി. ഒരു വര്‍ഷത്തെയും ഒരുമാസത്തെയും ഒരു ദിവസത്തെയും വേര്‍പിരിയലിനൊടുവില്‍ അനുപമയും അജിത്തും കുഞ്ഞിനെ നേരില്‍ കണ്ടു.

വൈകാരിക നിമിഷങ്ങള്‍ക്കാണ് പിന്നീട് സാക്ഷര കേരളം സാക്ഷ്യം വഹിച്ചത്. എത്രയും വേഗം കുഞ്ഞിനെ ലഭിക്കണമെന്ന് കോടതിയില്‍ അനുപമ ഹര്‍ജി സമര്‍പ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ അടക്കം പരിഹാസങ്ങള്‍ ഒരുപാട് ഉണ്ടായെങ്കിലും പ്രസവശേഷം നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ ലഭിക്കാന്‍ കരുത്തോടെ അനുപമ എന്ന അമ്മ പോരാടി. ആ പോരാട്ടത്തിന് മുന്നില്‍ എതിര്‍പ്പുകളെല്ലാം മുട്ടുമടക്കുന്നതാണ് തുടര്‍ന്ന് കണ്ടത്. ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം, മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ അനുപമയുടെ കൈകളിലേക്ക് കുഞ്ഞിനെ നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി..

Comments (0)
Add Comment