യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവം; സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കണ്ണൂര്‍: കെ റെയിലിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതിയുടെ നിർദേശം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്. ജയ്ഹിന്ദ് വാർത്താ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ ടൗൺ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റോബർട്ട് ജോർജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിപി ഷാജിർ, മന്ത്രി എംവി ഗോവിന്ദന്‍റെ പിഎ പ്രശോബ്, പി ജയരാജന്‍റെ ഗൺമാൻ എന്നിവർക്കെതിരെയാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റിയുടെ പരാതിയിൽ കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റാണ് ടൗൺ പോലീസിന് നിർദ്ദേശം നൽകിയത്.ഇവരുടെ നേതൃത്വത്തിൽ യോഗ ഹാളിന് പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ കോടതിയിൽ ഹാജരാക്കി. ഇതിന് ഇടയിലാണ് റിജിൽ മാക്കുറ്റി പരാതി നൽകിയത്.

അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള അക്രമം ചിത്രീകരിക്കുന്നതിനിടെ ജയ്ഹിന്ദ് വാർത്താസംഘത്തെ അക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജർ ഉൾപ്പടെയുള്ളവർക്കെതിരെ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പോലീസ് നോക്കി നിൽക്കെ നടന്ന അക്രമ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയ്ക്കും പരാതി നൽകിട്ടുണ്ട്.

Comments (0)
Add Comment