ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുങ്ങി ദമ്പതികള്‍; സർക്കാര്‍ ഇടപെടണമെന്ന് അപേക്ഷ

Jaihind News Bureau
Monday, April 13, 2020

ലോക്ക്ഡൗണിനെ തുടർന്ന് മുംബൈയിൽ കുടുങ്ങിയ മലയാളി ദമ്പതികൾ നാട്ടിലേക്ക് മടങ്ങാനായി സർക്കാർ സഹായം തേടുന്നു. കണ്ണൂർ സ്വദ്ദേശികളായ പി.പി പരമേശ്വരനും, ഭാര്യ സുമയുമാണ് കാനഡയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച് വരുമ്പോൾ മുബൈയിൽ കുടുങ്ങിയത്. ഒരു ദിവസത്തേക്ക് 6,000 രൂപ വാടക നൽകിയാണ് ഇരുവരും മുംബൈയിലെ ഹോട്ടലിൽ കഴിയുന്നത്.

കണ്ണൂർ സ്വദേശികളായ പി.പി പരമേശ്വരനും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന ഭാര്യ കെ.പി സുമയും കാനഡയിൽ നിന്ന് ഈ മാസം ഇരുപതിനാണ് മുബൈ വിമാനത്താവളത്തിൽ എത്തിയത്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ഉണ്ടായിരുന്ന ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിന് വേണ്ടി മുംബൈ വിമാനത്താവള അധികൃതർ തടഞ്ഞുവെക്കുകയായിരുന്നു.

സ്രവ പരിശോധനയ്ക്കായി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് ഇരുവർക്കും ലോക്ക്ഡൗണിന് മുമ്പ് നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. ഇരുവരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വന്നിട്ടും രണ്ടാമത്തെ റിസൾട്ട് വരണമെന്ന് പറഞ്ഞ് അടുത്ത ദിവസവും നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവള അധികൃതർ അനുവദിച്ചില്ല.

ലോക്ക് ഡൗൺ ആയതോടെ നാട്ടിൽ വരാൻ കഴിയാതെ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ഒരു ദിവസം 6,000 രൂപയാണ് റൂമിന് വാടക നൽകുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ള പി.പി പരമേശ്വരൻ പല ദിവസങ്ങളിലും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ലോക്ക്ഡൗൺ വീണ്ടും നീട്ടുന്നതോടെ തങ്ങൾ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ഇരുവരും. സംസ്ഥാന സർക്കാർ ഇടപെട്ട് തങ്ങളെ നാട്ടിലേത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇരുവരുടെയും അപേക്ഷ.