ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Jaihind Webdesk
Sunday, November 28, 2021

ന്യൂഡല്‍ഹി : കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ഭീഷണിയുയർത്തുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പരാമർശിക്കുക.

ലോകത്ത് ഒമിക്രോണ്‍ ഭീഷണി ഉയർത്തുന്ന സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ഐസിഎംആർ അറിയിച്ചു. അതേസമയം പരിഭ്രാന്തി വേണ്ടെന്നും ഐസിഎംആർ വ്യക്തമാക്കി. വാക്സിനേഷന്‍ നടപടികളെ പുതിയ സാഹചര്യം ബാധിക്കാന്‍ പാടില്ല.

അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ ഉയ‍ർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഇന്നലെ നി‍ർദേശം നൽകിയിരുന്നു. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുട‍ർന്ന് വിളിച്ചു ചേ‍‍ർത്ത അവലോകന യോഗത്തിലായിരുന്നു രാജ്യത്ത് ജാഗ്രത കടുപ്പിക്കാൻ നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിർദേശം ലഭിച്ചതിന് പിന്നാലെ വിവിധ സംസ്‌ഥാനങ്ങളും വിദേശ യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗുജറാത്ത്, മഹാരാഷ്ട്ര, ന്യൂഡല്‍ഹി തുടങ്ങിയ ഇടങ്ങളിൽ എല്ലാം നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന് പുറമെ മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തുന്നവർക്ക് ക്വാറന്‍റൈനും ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രിമാർ പ്രത്യേകം യോഗം വിളിച്ചു ചേർത്തിരുന്നു.

ഇറ്റലി, ജർമനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ രണ്ടുപേര്‍ക്കും ഇസ്രയേലില്‍ നാലുപേരിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് പ്രഖ്യാപിച്ചു. മിക്ക വിമാന കമ്പനികളുംആഫ്രിക്കൻ സർവീസുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കി. അതേസമയം രോഗബാധയുടെ പേരിൽ ഒറ്റപ്പെടുത്തരുതെന്നും വ്യോമഗതാഗതം തടയരുതെന്നും ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. അനാവശ്യ ഭീതിയിൽ വിവേചനമില്ലാത്ത വിലക്ക് പാടില്ലെന്ന് ലോകാരോഗ്യ സംഘടനയും
അഭ്യർത്ഥിച്ചു. അതിനിടെ ലോക വ്യാപാര സംഘടന ജനീവയിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചിട്ടുണ്ട്.

അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വൈറസിനെ ഇതുവരെയുള്ളതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം ആയി ലോകാര്യോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാതെ പല രാജ്യങ്ങളിലും ഒമൈക്രോൺ വൈറസ് എത്തിയിരിക്കാമെന്നാണ് നിഗമനം. വാക്സീനുകളെ മറികടക്കൻസ് ശേഷിയുണ്ടെന്നും സംശയമുണ്ട്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ചതിനാൽ ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും വരാനും സാധ്യതയുണ്ട്.