ഇന്ത്യയുടെ ഉരുക്ക് വനിതയുടെ ഓർമ്മയില്‍ രാജ്യം; ഇന്ന് നാല്‍പതാം രക്തസാക്ഷിത്വ ദിനം

Jaihind Webdesk
Thursday, October 31, 2024

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 40 വര്‍ഷം. വര്‍ഗീയ ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ ഇന്ത്യയുടെ ഉരുക്ക് വനിതയുടെ ഓര്‍മ്മയിലാണ് ഭാരതം. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഞെട്ടലോടെ മാത്രം ഓര്‍ക്കുന്ന ദിവസം. ”എന്റെ ഓരോ തുള്ളി രക്തവും മഹത്തായ ഈ രാഷ്ട്രത്തിനുവേണ്ടി ചൊരിയുവാന്‍ ഞാന്‍ തയ്യാറാണ്. നാളെ ഞാന്‍ മരിച്ചേക്കാം. എന്നാലും എന്റെ ഓരോ തുള്ളി രക്തവും രാഷ്ട്രത്തെ ശക്തിപ്പെടുത്താനുള്ളതാണ്..” മരണം മുഖാമുഖം എത്തും മുമ്പ് ഭുവനേശ്വറിര്‍ ഇന്ദിര പറഞ്ഞത് രാജ്യം ഇന്നും മറന്നിട്ടില്ല.

1932 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ഇന്ദിരഗാന്ധി. 1938ല്‍ തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ കോണ്‍ഗ്രസില്‍ അംഗമായി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചു. പിന്നീടങ്ങോട്ടുള്ള ഇന്ദിരയുടെ ജീവിതം സംഭവബഹുലവുമായിരുന്നു. 1964ല്‍ ഇന്ത്യന്‍ ചരിത്രത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക വര്‍ഷമായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിയോഗം ഇന്ത്യന്‍ ജനതയിലും നേതൃത്വത്തിലും ശൂന്യത പടര്‍ത്തി. ഇനിയാര് എന്ന ചോദ്യമുയര്‍ന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പുതിയ മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധി ചേരണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. അങ്ങനെ ഇന്ദിര ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകാതെ 1966ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ആകസ്മിക നിര്യാണം ഒരിക്കല്‍ കൂടി നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തി. ഒടുവില്‍ 1966 ജനുവരിയില്‍ ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി ചുമതലയേറ്റു. 1977-1980 കാലയളവ് ഒഴിച്ചാല്‍ 1984 ഒക്ടോബറില്‍ തന്റെ അന്ത്യം വരെ ഇന്ത്യയെ നയിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു.

സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ മഹത്തായ പാരമ്പര്യവും ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലടിപ്പാടുകളും പിന്തുടര്‍ന്നു കൊണ്ട് ഇന്ദിര ഇന്ത്യന്‍ ജനതയെ നയിച്ചു. രാജ്യത്തിന്റെ സമഗ്ര പരിവര്‍ത്തനത്തിനുള്ള സന്ധിയില്ലാത്ത സമരമായിരുന്നു ഇന്ദിരയുടെ ജീവിതം. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്കും ശക്തിയിലേക്കും ഔന്നത്യത്തിലേക്കും സുധീരം നയിക്കുകയെന്ന മഹാദൗത്യം ഇന്ദിര ഏറ്റെടുത്ത് വിജയിപ്പിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ പുരോഗതിക്ക് തുടക്കമിട്ടത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നെങ്കിലും ആ രംഗത്ത് അതിനൂതനമായ പല പദ്ധതികളും ഏറ്റെടുത്ത് നടത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു. ബഹിരാകാശത്ത് ഇന്ത്യയെ ലോകരാഷ്ട്രങ്ങളുടെ മുന്നിലെത്തിക്കുകയും ഇന്ത്യക്കാരനെ ആദ്യമായി ബഹിരാകാശത്ത് അയക്കുകയും ചെയ്തത് അവരുടെ കാലത്താണ്.

1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ മഹത്തായ വിജയം കൈവരിച്ച് വെറും 14 ദിവസം കൊണ്ട് ബംഗ്ലാദേശിനെ മോചിപ്പിച്ചപ്പോള്‍ ഇന്ദിരാഗാന്ധി ഇന്ത്യയുടെ അഭിമാനമായി. രാഷ്ട്രസേവനത്തിന് സമര്‍പ്പിച്ച 67 വര്‍ഷത്തെ ജീവിതത്തിന്റെ അവസാനം സ്വന്തം ഹൃദയരക്തം കൊണ്ടുതന്നെ ഇന്ദിരാഗാന്ധി പൂര്‍ണവിരാമമിട്ടു. ലോകം കണ്ട ഒരു ഉരുക്കുവനിതയായിട്ടാണ് ചരിത്രം ഇന്ദിരയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തും ഇന്ദിരയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തെ പത്ത് ഭരണാധികാരികളുടെ പട്ടികയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന് മുമ്പായി ഇന്ദിരാഗാന്ധിയുടെ പേരുവരാന്‍ കാരണവും മറ്റൊന്നല്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ, വെല്ലുവിളികളെ അതിജീവിച്ചും, തിരിച്ചടികളെ അവഗണിച്ചുകൊണ്ടുള്ള പ്രിയങ്കാഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ അംഗീകാരം മാത്രം.

ഒടുവില്‍ 1984 ഒക്ടോബര്‍ 31 ന് രാജ്യ മനസാക്ഷി ഞട്ടിച്ച് ഇന്ദിര തന്റെ അംഗരക്ഷകരുടെ വെടിയേറ്റ് വീണു. നാല് ദിവസത്തിനപ്പുറം നവംബര്‍ നാലാം തീയതി സൂര്യാസ്തമനത്തോടെ ആ ശരീരം ഒരുപിടി ചാമ്പലായി. ജനങ്ങളുടെ പ്രിയദര്‍ശനിയായി, നവീനഭാരതത്തിന്റെ ഇതിഹാസ നായികയായി, നൂറ്റാണ്ടിന്റെ വനിതയായി ലോകത്തെ അത്ഭുതപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എരിഞ്ഞടങ്ങിയെങ്കിലും അവര്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നു. ഇന്ത്യ നിലനില്‍ക്കുന്നിടത്തോളം ഇന്ദിര ജീവിക്കും.