ധീര സൈനികർക്ക് രാജ്യത്തിന്‍റെ പ്രണാമം… ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം

Jaihind Webdesk
Friday, December 10, 2021

 

ന്യൂഡല്‍ഹി : കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തിൽ  ജീവന്‍ പൊലിഞ്ഞ ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം.  പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും മൂന്ന് സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അർപ്പിച്ചു.സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹി കന്‍റോണ്‍മെന്‍റിലുള്ള ബ്രാര്‍ സ്‌ക്വയറില്‍ നടന്നു. അന്ത്യാഞ്ജലി അർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേർന്നത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, കരസേന മേധാവി എംഎം നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഹരിയാണയിലെ പഞ്ച്കുല സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡ്ഡര്‍. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടമരണം. പാർലമെന്‍റിലെ മിലിട്ടറി കാര്യ വകുപ്പിൽ സംയുക്ത സേനാ മേധാവിയുടെ ഡിഫൻസ് അസിസ്റ്റന്‍റ് എന്ന നിർണായകമായ പദവി കൈയാളി വന്നത് ലിഡ്ഡറായിരുന്നു. ഏതാനും ദിവസം മുമ്പാണ് മേജർ ജനറൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റർ അപകടത്തിന്റെ രൂപത്തിൽ വിധി അദ്ദേഹത്തിന്‍റെ ജീവൻ അപഹരിച്ചത്.

സൈനിക ഉദ്യോഗസ്ഥനായ കേണൽ മെഹംഗ സിങ്ങിന്റെ മകനായാണു ലിഡ്ഡറിന്‍റെ ജനനം. പഞ്ച്കുലയിൽ സ്‌കൂൾ വിദ്യാഭ്യാസം നേടിയ ലിഡ്ഡർ പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1990ൽ ജമ്മു കശ്മീർ റൈഫിൾസിന്‍റെ ഭാഗമായാണ് അദ്ദേഹം സൈനിക ജീവിതം ആരംഭിച്ചത്. ഗീതികയാണ് ഭാര്യ.

* ചിത്രം : പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിംഗ് ലിഡ്ഡര്‍ക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നു
Pic Courtesy : ANI