കോട്ടയം മണ്ഡലത്തില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. 3 കേന്ദ്രങ്ങളിലായാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക.
കോട്ടയം മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍, എംഡി സെമിനാരി സ്കൂള്‍, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലാണ് കോട്ടയം മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. രാവിലെ 8ന് പോസ്റ്റല്‍ വോട്ടുകളും എട്ടരയോടെ വോട്ടിംഗ് മെഷീനകളിലെ വോട്ടെണ്ണലും ആരംഭിക്കും. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂറിന് ശേഷം ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നു തുടങ്ങും.
പിറവം മണ്ഡലത്തിലെ വോട്ടെണ്ണല്‍ എംഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയം, ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലേത് എംഡി സെമിനാരി ഹൈസ്കൂള്‍ ഓഡിറ്റോറിയം, പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മൗണ്ട് കാര്‍മ്മല്‍ എച്ച്എസ്എസ് ഓഡിറ്റോറിയം, വൈക്കം മണ്ഡലത്തിലേത് മൗണ്ട് കാര്‍മല്‍ ബിഎഡ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയം, എന്നിവിടങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടും പോസ്റ്റല്‍ ബാലറ്റുകളും ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ എണ്ണും.
ആര്.ഒ ഓഫീസും ബസേലിയസ് കോളേജിലാവും പ്രവര്‍ത്തിക്കുക. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, റിട്ടേണിംഗ് ഓഫീസറുടെ സ്റ്റാഫ്, ഒബ്സര്‍വര്‍മാര്‍, സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, അനുവാദം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. സ്ഥാനാര്‍ത്ഥികള്‍ക്കും ചീഫ് ഇലക്ഷന് ഏജന്റിനും കൗണ്ടിംഗ് ഹാളില്‍ യഥേഷ്ടം സഞ്ചരിക്കാം. മൊബൈല്‍ ഫോണ്‍, ലാപ് ടോപ്പ്, ഐപാഡ് തുടങ്ങിയവയൊന്നും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അനുവദിക്കില്ല. അഞ്ച് ശതമാനം വിവിപാറ്റുകളിലെ രസീതുകളും ഇടിപിബിഎസുകളും എണ്ണുന്നതിന് സമയമെടുക്കും. ഇതിനാല്‍ അന്തിമ ഫലം പുറത്ത് വരാന്‍ വൈകാന്‍ സാധ്യതയുണ്ട്.