‘പിഎം കെയേഴ്‌സില്‍ 2.51 ലക്ഷം സംഭാവന നല്‍കി , എന്നിട്ടും അമ്മയ്ക്ക് ആശുപത്രി കിടക്ക ഉറപ്പാക്കാനായില്ല’ ; പി.എം ഓഫീസിനെ ടാഗ് ചെയ്ത് ട്വീറ്റ്

Jaihind Webdesk
Wednesday, May 26, 2021

ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആശുപത്രികളില്‍ കിടക്ക ലഭിക്കാത്ത സാഹചര്യമാണുള്ളത്. കൊവിഡ് ബാധിതയായ തന്‍റെ അമ്മയ്ക്ക് കിടക്ക ലഭിക്കാത്തതിനെതുടർന്നുണ്ടായ ദുരനുഭവം പങ്കുവെയ്ക്കുകയാണ് അഹമ്മദാബാദ് സ്വദേശിയായ വിജയ് പരീഖ്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം നിരവധിപേരാണ് ഷെയർ ചെയ്തത്.

‘പിഎം കെയേഴ്‌സിലേക്ക് നല്‍കിയ 2.51 ലക്ഷം രൂപയുടെ സംഭാവനകൊണ്ട് എന്റെ അമ്മയ്ക്ക് ആശുപത്രി കിടക്ക ഉറപ്പാക്കാനായില്ല. മൂന്നാം തരംഗത്തില്‍ കിടക്ക ഉറപ്പാക്കാന്‍ എത്ര രൂപ കൂടി നല്‍കണമെന്ന് ദയവായി ആരെങ്കിലും പറഞ്ഞുതരണം. അങ്ങനെയായാല്‍ കുടുംബാംഗങ്ങളില്‍ ഇനിയൊരാളെ എനിക്ക് നഷ്ടപ്പെടില്ലല്ലോ’- 2020 ജൂലൈ പത്തിന് പിഎം കെയേഴ്‌സിലേക്ക് സംഭാവന നല്‍കിയതിന്റെ രസീത് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടാണ് വിജയ് പരീഖിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫിസ്, രാജ്‌നാഥ് സിംഗ്, ആര്‍എസ്എസ്, സ്മൃതി ഇറാനി, രാഷ്ട്രപതി എന്നിവരെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഇതിനോടകം പതിനേഴായിരത്തോളം പേര്‍ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. നാല്‍പ്പതിനായിരത്തോളം ലൈക്കും മൂവായിരത്തിലധികം അഭിപ്രായങ്ങളും ട്വീറ്റിന് ലഭിച്ചു. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പോരായ്മകളെയാണ് ഏറെപ്പേരും വിമര്‍ശിച്ചിരിക്കുന്നത്.