യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സി.ഒ.ടി നസീര്‍ വധശ്രമക്കേസ് പുനരന്വേഷിക്കും- രമേശ് ചെന്നിത്തല; കേസില്‍ എ.എന്‍. ഷംസീറിനെ ചോദ്യം ചെയ്യാത്തതില്‍ കനത്ത പ്രതിഷേധം

Jaihind News Bureau
Thursday, August 1, 2019

യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ സി.ഒ.ടി നസീര്‍ വധശ്രമ കേസ് പ്രത്യേകം പുനരന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.ഒ.ടി നസീര്‍ വധശ്രമം നിയമസഭയില്‍ വന്നപ്പോള്‍ എന്തുകൊണ്ട് എ.എന്‍ ഷംസീര്‍ എം.എല്‍.എ നിഷേധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സി ഒ ടി നസീര്‍ വധശ്രമ കേസ്സില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ സമാപന സമ്മേളനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സി ഒ ടി നസീര്‍ വധശ്രമ കേസില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ മാടപ്പീടികയില്‍ നിന്ന് തലശ്ശേരിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അണിനിരന്നത്. ഐ എന്‍ ടി യു സി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രന്‍ സതീശന്‍ പാച്ചേനിക്ക് പതാക കൈമാറി കൊണ്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ നസീര്‍ വധശ്രമം പ്രത്യേകം അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു സി ഒ ടി നസീര്‍ വധശ്രമ കേസ് ഇല്ലാതാക്കാന്‍ പോലീസ് ശ്രമിക്കുന്നു. പിണറായി വിജയന്‍ അധികാരത്തില്‍ ഇരുക്കുന്നിടത്തോളം കാലം ഒരു കേസ്സും തെളിയാന്‍ പോകുന്നില്ല. അതിനെതിരെ ജന വികാരം ഉയരണം. ശബളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റയാളെ ക്യാബിനറ്റ് റാങ്കില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരള ജനതയുടെ തലയില്‍ കൂടുതല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിച്ച് ധൂര്‍ത്തും അഴിമതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട് പോകുന്നതായും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സണ്ണി ജോസഫ് എംഎല്‍എ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ വി.എ നാരായണന്‍, പി എം സുരേഷ് ബാബു വിവിധ ഡി സി സി നേതാക്കളും, പോഷക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.സി.ഒ.ടി നസീര്‍ വധശ്രമ കേസ് സിബിഐ അന്വേഷിക്കാനാവശ്യമായ നടപടികള്‍ക്ക് സഹായമഭ്യര്‍ഥിച്ച് നസീറിന്റെ സഹോദരിമാരായ ഷമീന സി ഒ ടി യും ആയിഷ ഷബ്‌നയും രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി.