നാഗ്പുർ: റെയില്‍വേ സ്റ്റേഷനുകളിലെ ‘മോദി സെല്‍ഫി പോയിന്റുകള്‍’ക്ക് ചിലവാകുന്ന തുക വെളിപ്പെടുത്തിയ റെയില്‍വേ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. മധ്യ റെയില്‍വേയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ശിവരാജ് മനസ്പുരെയെയാണ് വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിക്ക് പിന്നാലെ സ്ഥലം മാറ്റിയത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഡിസംബർ 29-നായിരുന്നു നടപടി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് മനസ്പുരെ. ഇതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് ശിവരാജിനെ തേടി അകാരണ സ്ഥലംമാറ്റം എത്തിയതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജരായിരിക്കെ വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മോഷണങ്ങള്‍ തടയാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനായി റെയില്‍വേ സ്റ്റേഷനുകളില്‍ സജ്ജമാക്കിയ 3-ഡി സെല്‍ഫി പോയിന്റുകളേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്കാണ് ചിലവ് സംബന്ധിച്ച് ശിവരാജ് മനസ്പുരെ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റ നടപടി. എന്നാല്‍ സ്ഥലം മാറ്റത്തിന് കാരണമെന്താണെന്നോ എങ്ങോട്ടാണ് സ്ഥലം മാറ്റമെന്നോ അറിയിക്കാതെയായിരുന്നു നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അമരാവതിയില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകനായ അജയ് ബോസാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. 187 സെല്‍ഫി പോയിന്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് അജയ് ബോസിന് ലഭിച്ചത്. മധ്യറെയില്‍വേ സോണിന്റെ പരിധിയിലെ 30 റെയില്‍വേ സ്റ്റേഷനുകളില്‍ താല്‍ക്കാലിക സെല്‍ഫി പോയിന്റുകളും 20 സ്റ്റേഷനുകളില്‍ സ്ഥിരമായ സെല്‍ഫി പോയിന്റുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. താല്‍ക്കാലിക സെല്‍ഫി പോയിന്റ് ഒന്നിന് 1.25 ലക്ഷം രൂപയും സ്ഥിരം സെല്‍ഫി പോയിന്റ് ഒന്നിന് 6.25 ലക്ഷം രൂപയുമാണ് ചിലവായ തുക. നികുതികള്‍ കൂടാതെയുള്ള തുകയാണ് ഇത്. അതേസമയം മധ്യ റെയില്‍വേ ഒഴികെ മറ്റ് നാലു സോണുകളും സെല്‍ഫി പോയിന്റുകള്‍ക്ക് ചിലവായ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല.