അഴിമതി, സ്വജനപക്ഷപാതം കെടുകാര്യസ്ഥത; പിണറായി സര്‍ക്കാരിനെ അടയാളപ്പെടുത്താന്‍ ഈ മൂന്നു വാക്കുകള്‍ മതി- രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, April 22, 2025

അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത – കഴിഞ്ഞ നാലു വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെ കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല.

സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ല. മുഖ്യമന്ത്രി വെറും പാവയാണ്. ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയാണ്. വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രി മുന്നോട്ടു വെയ്ക്കുന്നത്. ശിവശങ്കരന്‍, കെ.എ എബ്രഹാം, ഡി ജി പി അജിത് കുമാര്‍, തുടങ്ങി എത്രയെത്ര ഉദാഹരണങ്ങളാണ്. എല്ലാവര്‍ക്കുമൊപ്പം ഇടപാടുകളില്‍ പങ്കാളിയായി ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയതു കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തര ബ്‌ളാക്ക് മെയിലിങ്ങിന് പിണറായി വിജയന്‍ വിധേയനാകുന്നത്.

ഈ അഴിമതിയുടെ മഹാസാഗരത്തില്‍ കിടക്കുമ്പോഴും, വനിതകളെയും യുവാക്കളെയും മാനിക്കാന്‍ പോലും ഈ ഭരണകൂടം തയ്യാറാവുന്നില്ല. സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്റ്റ് നയമാണിവിടെ നടപ്പാകുന്നത്.

ആശാവര്‍ക്കര്‍മാരുടെയും വനിതാ പോലീസ് റാങ്ക് ലിസ്റ്റിലെ നിസഹായരായ വനിതകളുടെ കണ്ണീര്‍ ഈ സര്‍ക്കാരിന്റെ ക്രൂരതയ്ക്കു സാക്ഷ്യമായി കിടപ്പുണ്ട്. അനധികൃത നിയമന നിരോധനം മൂലം തൊഴിലില്ലാത്ത ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ ശാപം ഈ സര്‍ക്കാരിനെ പിന്തുടരുന്നുണ്ട്. ഇതേ സമയം തന്നെ പിന്‍വാതില്‍ നിയമനങ്ങളില്‍ സര്‍വകാല റിക്കോര്‍ഡിട്ടു. പാര്‍ട്ടി ബന്ധുക്കളെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകി കയറ്റി. കേരളത്തിലെ പാവപ്പെട്ട ചെറുപ്പക്കാരുടെ കണ്ണീരിനു പുറത്താണ് ഈ നിയമനങ്ങള്‍ നടന്നത്. ഒരു ലക്ഷത്തില്‍ പരം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നിയമിക്കേണ്ട അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ വെറും മുന്നിലൊന്നിനു മാത്രമാണ് നിയമനം ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഒട്ടാകെ നാണയപെരുപ്പം പിന്നോട്ട് പോയപ്പോള്‍ കേരളത്തില്‍ അത് ഇരട്ടിയായി. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. സാധാരണക്കാരന് ജീവിതം അസഹനീയമായി. തലതിരിഞ്ഞ സാമ്പത്തിക നയം കേരളത്തെ കടക്കെണിയിലാക്കി. ഇതുപോലെ പരാജയപ്പെട്ട മറ്റൊരു സര്‍ക്കാരുണ്ടോ?

ധൂര്‍ത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനും മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാനും കോടികള്‍ ചിലവഴിച്ചു. അതേ സമയം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുണ്ടായിരുന്നില്ല. കേരളത്തിലെ സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഉണ്ടായിരുന്നില്ല. പക്ഷെ പി ആര്‍ ഏജന്‍സുകള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണത്തിന് ഒരു പഞ്ഞവും ഉണ്ടായില്ല.

കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ഷാമബത്ത കുടിശ്ശികയായിട്ട് വര്‍ഷങ്ങളായി. അതു കൊടുക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം വിതരണം ചെയ്യുന്ന ഒരു പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ് ക്ഷേമ പെന്‍ഷനുകള്‍.

വൈദ്യുതി ചാര്‍ജ് വെള്ളക്കരം എന്നിവ കുത്തനെ വര്‍ധിപ്പിച്ചു. യുഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കോടികളുടെ ലാഭമുണ്ടാക്കപ്പെട്ട നിലയിലുള്ള ഷോര്‍ട്ട് ടേം കരാറുകള്‍ ഉണ്ടാക്കി വൈദ്യുതി വാങ്ങി അതിന്റെ അധികഭാരം മുഴുവന്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. ഇതിനു കോടിക്കണക്കിന് കമ്മിഷന്‍ പലരും കൈപ്പറ്റി.

കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കിതുടങ്ങിയതോടെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കു അര്‍ഹതപ്പെട്ട കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു. അവരുടെ ക്ഷേമപദ്ധതികളും ഭവനപദ്ധതികളും അവതാളത്തിലായി.

ഇതുപോലെ ഒരു ജനദ്രോഹസര്‍ക്കാര്‍ കേരളത്തിന് ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി എന്ന് ചരിത്രംരേഖപ്പെടുത്തും – രമേശ് ചെന്നിത്തല പറഞ്ഞു.