കയർഫെഡില്‍ കോടികളുടെ ക്രമക്കേട് ; ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തി

Jaihind Webdesk
Sunday, October 3, 2021

ആലപ്പുഴ : കയർ ഫെഡ്ഡിലെ ക്രമക്കേടുകളും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന സഹകരണ വകുപ്പിന്‍റെ ഓഡിറ്റ് റിപ്പോർട്ട് മാനേജ്മെന്‍റ് ഇടപെട്ട് പൂഴ്ത്തി. സ്ഥാപനത്തിന്‍റെ പ്രവർത്തന നഷ്ടത്തിൽ ഉന്നത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വാർഷിക പൊതുയോഗത്തിൽ വയ്ക്കാതെ മുക്കിയത്. കയർ ഫെഡ്ഡിലെ വിശദമായ പരിശോധനയ്ക്ക് ശേഷം 2020 സെപ്റ്റംബറിൽ സഹകരണ വകുപ്പ് ഓഡിറ്റ് ഡയറക്ടറേറ്റാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കയർ ഫെഡ്ഡിന് കീഴിലെ ആർസിപി യൂണിറ്റിൽ രണ്ട് കോടി 36 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി. ഉത്തരവാദികൾ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ്. മറ്റൊരു യൂണിറ്റായ യാർഡ് ഡിപ്പോയിൽ 4,20,000 ത്തില്‍ അധികം രൂപയുടെ സ്റ്റോക്ക് കുറവുണ്ട്. ഉത്തരവാദി ഡിപ്പോ മാനേജർ തുടങ്ങി നിരവധി വീഴ്ചകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.