എഐ ക്യാമറയിലെ അഴിമതി വ്യക്തം: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 20, 2023

 

തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നുണ്ടായ വിധിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യമായി ഈ അഴിമതി പുറത്തുകൊണ്ടുവന്നപ്പോൾ പലരും പുച്ഛിച്ച് തള്ളി. പ്രിസാദിയോയ്ക്ക് കരാർ കൊടുക്കാനുള്ള നടപടിയുമായി സർക്കാർ മുമ്പോട്ട് പോവുകയാണ് ചെയ്തത്. പദ്ധതിയിലെ അഴിമതി വ്യക്തമാണെന്നും പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ നിന്നും പണം പിഴിഞ്ഞു വാങ്ങരുതെന്ന് വ്യക്തമാക്കുന്ന വിധിയാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതി തടയാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകർക്കെതിരെ കേസെടുക്കാനുള്ള നടപടി സർക്കാർ അവസാനിപ്പിക്കണം. അഴിമതിക്കെതിരെ സംസാരിച്ചാൽ കേസെടുത്ത് വായടപ്പിക്കാമെന്ന് കരുതേണ്ട. കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാൻ വേണ്ടിയാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ക്രൈം ബ്രാഞ്ച് തന്നെ ഇതു തള്ളിക്കളഞ്ഞതോടെ  എം.വി ഗോവിന്ദന് മറുപടിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.