‘സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പരാജയം; കൊവിഡിന്‍റെ മറവില്‍ അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും തകൃതി’ : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, June 15, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യരംഗത്ത് ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രവാസികളുടെ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ കാട്ടിയത്. വിദേശത്ത് കിടന്ന് പ്രവാസികൾ മരിക്കട്ടെയെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കൊവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. ആരോഗ്യരംഗത്ത് ഗുരുതരമായ അനാസ്ഥയാണ് കാണാനാകുന്നത്. മറ്റ് രോഗികളെ നോക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണുള്ളത്. കൊവിഡ് രോഗികൾക്ക് വേണ്ടി രണ്ടര ലക്ഷം കിടക്കകൾ തയാറാക്കിയെന്ന് പറഞ്ഞ ഗവൺമെന്‍റ് ഇപ്പോൾ കൈമലർത്തുകയാണ്. മതിയായ ക്രമീകരണങ്ങളില്ലാതെ ആശുപത്രികള്‍ കൊവിഡ് സെന്‍ററാക്കുന്നത് കൂടുതല്‍ അപകടകരമാണ്.

ആരോഗ്യരംഗത്ത് വർഷങ്ങൾ കൊണ്ട് കേരളം സ്വായത്തമാക്കിയ നേട്ടങ്ങൾ പി.ആർ ഏജൻസികളെ ഉപയോഗിച്ച് സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് ജനം മനസിലാക്കിക്കഴിഞ്ഞു. കൊവിഡിന്‍റെ മറവിലും സർക്കാർ അഴിമതി നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ പോകുന്ന സാഹചര്യത്തിൽ ബന്ധു നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും തകൃതിയായി നടത്തുന്നു. കെ.എസ്.ഇ.ബിയിൽ ഉൾപ്പെടെ എല്ലായിടങ്ങളിലും പാർട്ടിക്കാരെ തിരുകിക്കയറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതിയായ ക്രമീകരണങ്ങളില്ലാതെ പേരൂർക്കട ആശുപത്രി കൊവിഡ് സെന്‍ററാക്കി മാറ്റാനുള്ള നീക്കത്തിനെതിരായ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.