മാവേലി സ്‌റ്റോറിൽ പാക്ക് ചെയ്ത കിറ്റുകളിൽ വൻ അഴിമതിയെന്ന് പരാതി; അഴിമതി പുറത്ത് കൊണ്ടുവന്ന ജീവനക്കാരെ പുറത്താക്കി; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

Jaihind News Bureau
Friday, May 22, 2020

കൊവിഡ് 19 ന്‍റെ ഭാഗമായി ജനങ്ങൾക്ക് വിതരണം ചെയ്യാനായി ചെറുതന മാവേലി സ്‌റ്റോറിൽ പാക്ക് ചെയ്ത കിറ്റുകളിൽ വൻ അഴിമതി നടന്നെന്ന് പരാതി. അഴിമതി പുറത്ത് കൊണ്ടുവന്ന രണ്ട് താൽകാലിക ജീവനക്കാരെ പുറത്താക്കുകയും തൽസ്ഥാനത്ത് പുതിയ രണ്ടു പേരെ നിയമിക്കുകയും ചെയ്തു. കിറ്റിലെ അഴിമതിയും ജീവനക്കാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത് .

റേഷൻ കടകൾ വഴി വിതരണം നടത്താൻ ആയി ചെറുതന മാവേലി സ്റ്റോറിൽ പാക്ക് ചെയ്ത് കിറ്റുകളിൽ ആണ് പലവ്യഞ്ജന സാധനങ്ങളും ധാന്യങ്ങളും തൂക്കത്തിൽ കുറവാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയത്. പലതിലും 100 ഗ്രാം മുതൽ 300 ഗ്രാം വരെയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ 1100 ഓളം കിറ്റുകൾ പാക്ക് ചെയ്തെന്നാണ് ജീവനക്കാർ പറയുന്നത്.

അതോടൊപ്പം കിറ്റുകളിൽ ഉൾപ്പെടുത്താനുള്ള സൺലൈറ്റ് സോപ്പിനു പകരം സാമ്പിൾ സോപ്പ് മാത്രം ഉൾപ്പെടുത്തുകയും, മൂവായിരത്തോളം സോപ്പുകൾ ചാക്കിലാക്കി വേസ്റ്റിനു ഒപ്പം വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഈ സ്ഥാപനത്തിൽ അഞ്ചുവർഷമായി താൽക്കാലിക നിയമനത്തിൽ ജോലിചെയ്യുന്ന അഞ്ചു നായർ, പ്രമീള സജികുമാർ എന്നിവർ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്‍റ്നേയും AM, JM, എന്നിവരെയും അറിയിച്ചതിനെത്തുടർന്നാണ് അഴിമതി പുറത്ത് വന്നത് . അഴിമതിക്കെതിരെ പരാതി നൽകിയതിന്‍റെ വൈരാഗ്യത്തിൽ ഷോപ്പ് മാനേജർ, പരാതി നൽകിയ രണ്ട് താൽക്കാലിക ജീവനക്കാരെ യാതൊരു ഔദ്യോഗിക വിശദീകരണവും നല്കാതെ ബലമായി പുറത്താക്കുകയും, തൽസ്ഥാനത്ത് പുതിയ രണ്ടുപേരെ നിയമിക്കുകയും ചെയ്തു.

ഇതിന്‍റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട ജീവനക്കാർ രണ്ടുദിവസമായി സ്ഥാപനത്തിന് പുറത്ത് ഇരിക്കുകയാണ്.

സാധാരണക്കാർക്ക് നൽകേണ്ട കിറ്റുകളിൽ അഴിമതി കാണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചെറുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതന മാവേലി സ്റ്റോറിന് മുൻപിൽ സാമൂഹിക അകലം പാലിച്ച് സമരം നടത്തി. കുറ്റക്കാരെ ഉടനടി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും, അഴിമതി കാണിച്ചു സാധാരണക്കാർക്ക് നൽകിയ കിറ്റുകൾ മാറ്റി നൽകണമെന്നും ആവശ്യപ്പെട്ടു.

ഈ കേസ് ഭരണകക്ഷിക്ക് തലവേദന ആകാൻ സാധ്യത ഉണ്ടെന്നും, അതിനാൽ ഈ കേസ് ഒരുക്കി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

https://youtu.be/YzRd33Cq9Cg