ഭീഷണിപ്പെടുത്തിയും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. ഭീരുത്വമെന്ന് വി ഡി സതീശന്‍

Jaihind News Bureau
Sunday, March 30, 2025

എംപുരാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് ഫേസ് ബുക്കില്‍ കുറിച്ചു.

എംപുരാന്‍ സിനിമ വീണ്ടും എഡിറ്റിംഗിനു വിധേയമാക്കുന്നു എന്ന വിവരത്തോടു പ്രതികരിച്ചാണ് ഈ പോസ്റ്റ്. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.
സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടിയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്. എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.