ജലാശയങ്ങളിലും കൊറോണ ഭീഷണി; ഗുജറാത്തിലെ സബര്‍മതി നദിയിലും രണ്ട് തടാകങ്ങളിലും വൈറസ് സാന്നിധ്യമെന്ന് ഐഐടി പഠന റിപ്പോര്‍ട്ട്

Jaihind Webdesk
Friday, June 18, 2021

അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലും കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ട്. നദീ ജലത്തിന്‍റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തുള്ള മറ്റ് രണ്ട് തടാകങ്ങളിലും വൈറസ് ഉള്ളതായി കണ്ടെത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജലാശയങ്ങളിലെ കൊറോണ വൈറസ് സാന്നിധ്യം വലിയ ആശങ്കയുളവാക്കുന്നതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നഗരത്തിൽ തന്നെയുള്ള കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഗാന്ധിനഗർ ഐഐടി, ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻവയോൺമെന്‍റ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകട സൂചനയാണ്.

സബർമതിയിൽനിന്ന് 649 സാമ്പിളുകളും ചന്ദോള, കാൻക്രിയ എന്നീ തടാകങ്ങളിൽനിന്ന് 549, 402 എന്നിങ്ങനെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് ഐഐടി പ്രഫസർ മനീഷ് കുമാർ പറഞ്ഞു. 2019 സെപ്റ്റംബർ 3 മുതൽ ഡിസംബർ 29 വരെ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് സാമ്പിളുകൾ ശേഖരിച്ചത്. രാജ്യത്തുടനീളം ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.