കൊറോണ : കോട്ടയം ജില്ലയില്‍ 7 പേര്‍ ഐസൊലേഷനില്‍ ; 91 പേർ വീടുകളില്‍ നിരീക്ഷണത്തില്‍

Jaihind News Bureau
Tuesday, March 10, 2020

കോട്ടയം : കൊറോണ മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഒമ്പത് പേർ ആശുപത്രി ഐസൊലേഷന്‍ വിഭാഗത്തില്‍ നിരീക്ഷണത്തിൽ. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ ഗൃഹനാഥന്‍റെ മാതാപിതാക്കൾ, ബന്ധുകുടുംബത്തിലെ മൂന്നു പേരും മറ്റു രണ്ടു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ഐസൊലേഷനിൽ കഴിയുന്നത്.

വിവിധ രാജ്യങ്ങളിൽനിന്നെത്തിയ എട്ട് പേർക്ക് കൂടി ആരോഗ്യ വകുപ്പ് ഇന്നലെ ഹോം ക്വാറന്‍റെയ്ൻ നിർദേശിച്ചു. ഇതോടെ ജില്ലയിൽ വീടുകളിൽ ജനസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 91 ആയി. മാർച്ച് എട്ട് മുതൽ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കനെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഐസൊലേഷനിൽനിന്ന് ഒഴിവാക്കി.