അന്തരീക്ഷത്തിലെ കൊറോണ വൈറസിൽ നിന്ന് 99% സംരക്ഷണം ; ഇന്ത്യയിലെ തന്നെ ആദ്യ നേട്ടവുമായി  വൂൾഫ് എയർ മാസ്ക്

Jaihind Webdesk
Saturday, April 17, 2021

 

പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ അന്തരീക്ഷ വായുവിലുള്ള കൊറോണ വൈറസുകളെ നിർവീര്യമാക്കുന്ന പുതിയ ഉപകരണത്തിന് ശാസ്ത്രീയ അംഗീകാരം.  വൈറസ്, ബാക്ടീരിയ ജന്യരോഗങ്ങളിൽ നിന്ന് പൊതു സ്ഥലങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുവാൻ ഉദ്ദേശിച്ച്  വിപണിയിലിറക്കിയ “വൂൾഫ്  എയർ മാസ്ക്കി’ നാണ്  രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ അംഗീകാരം  ലഭിച്ചത്. തിരുവനന്തപുരത്തെ  ആർ ജി സി ബി യിൽ  നടത്തിയ പരീക്ഷണത്തിൽ 99 % സാർസ് കോവ് -2 വൈറസുകളേയും  നിർവീര്യമാക്കുവാൻ ഈ ഉപകരണത്തിന് സാധിക്കുമെന്ന് കണ്ടെത്തുകയുണ്ടായി. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഉപകരണത്തിന് ഈ അംഗീകാരം ലഭിക്കുന്നത്.

ചെറിയ മുറികൾ മുതൽ ആയിരം ചതുരശ്ര അടി വരെ വിസ്തീർണമുള്ള നമ്മുടെ പൊതുഇടങ്ങൾ ആശുപത്രികൾ, തീയറ്ററുകൾ ഉൾപ്പെടെയുള്ള  സ്ഥലങ്ങൾ അണുവിമുക്തമാക്കാൻ ഈ ഉപകരണത്തിലൂടെ ഇനി ചുരുങ്ങിയ ചിലവിൽ കഴിയും. ആളുകൾ ധാരാളമായി കയറുന്ന പൊതു ഇടങ്ങളിൽ നിന്ന് അവരെ ഒഴിപ്പിക്കാതെ തന്നെ അവിടുത്തെ വായു അണുവിമുക്തമാക്കാൻ ഈ ഉപകരണത്തിലൂടെ സാധിക്കുമെന്നതാണ് വൂൾഫ് എയർ മാസ്കിന്റെ പ്രത്യേകത.  ജർമ്മൻ രൂപകല്പനയിൽ ഡെന്മാർക്കിൽ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ എയർ മാസ്ക് നിർമ്മിച്ചിരിക്കുന്നത്.

സി.ഇ.ആർ.ഒ.എച്ച്. എസ്, തുടങ്ങിയ അന്താരാഷ്ട്ര  നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച്   നിർമ്മിച്ചിരിക്കുന്ന ഈ ഉപകരണത്തിന്   കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ട് അപ്പ് ഇന്ത്യ അംഗീകാരവും  ലഭിച്ചിട്ടുണ്ട്. എം. എസ്. എം. ഇ. ടൈം ടു ലീപ് – കോവിഡ സൊല്യൂഷൻ ഓഫ് ദ ഇയർ- 2020 അവാർഡ്, (MSME Time-2-Leap COVID Solution of the Year Award), ബിസിനസ് മിന്റ് നേഷൻ വൈഡ് അവാർഡ്: സ്സോഷ്യൽ ഇന്നവേഷൻ ഓഫ് ദ ഇയർ (Business Mint – Nationwide Award – Social Innovation of the year -2020)-, എന്നിവയുടെ പുരസ്കാരങ്ങളും ഇതിന്  ലഭിച്ചിരുന്നു.

ഗവണ്മെന്റ് അംഗീകൃത എൻ എ ബി എൽ ലാബുകളിൽ പരീക്ഷിച്ച 99.9% കൊറോണേറ്റഡ് എം എസ് 2 സറോഗേറ്റ് വൈറസുകളെയും നശിപ്പിക്കാനുള്ള ശേഷി വ്യക്തമാക്കുന്ന എഫിക്കസി റിപ്പോർട്ട് വളരെയധികം പ്രതീക്ഷ നൽകുന്നുവെന്ന്  നിർമാതാക്കൾ അറിയിച്ചു. കൊറോണ വൈറസുകളിലെ സ്‌പൈക്ക് പ്രോട്ടീനുകളിൽ പ്രവർത്തിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ  ജനിതകമാറ്റം വന്ന വൈറസുകളേയും കൂടുതൽ ഫലപ്രദമായി പ്രതിരോധിക്കാൻ ഈ ഉപകരണത്തിന് കഴിയും.   കൂടാതെ, നവീന സങ്കേതികവിദ്യയിലൂടെ, ഉപഭോക്താക്കളുടെയും പ്രേക്ഷകരുടെയും സാന്നിധ്യത്തിൽ തന്നെ   പ്രകൃതിദത്തമായ രീതിയിലുള്ള അന്തരീക്ഷ ശുദ്ധീകരണം സ്ഥാപനങ്ങൾക്കും തിയേറ്ററുകൾക്കും നടപ്പാക്കാൻ കഴിയുമെന്നത് തീയേറ്റർ രംഗത്ത് വിപ്ലവം സൃഷ്ടിക്കും.

സെന്റിമീറ്റർ ക്യുബിന് പത്ത് കോടിയിലധികം  നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് ,  ബാക്റ്റീരിയകളുടെയും  മറ്റ് ദോഷകരമായ വൈറസുകളുടെയും   പോസിറ്റീവ് ചാർജ്ജുള്ള എസ് പ്രോട്ടീനുകളെ   തൽക്ഷണം തന്നെ പൊതിഞ്ഞ്  നിർവ്വീര്യമാക്കാനുള്ള ശേഷിയുമുണ്ട്. മുറികളിലും ഹാളുകളിലും ഉള്ള ഉപകരണങ്ങൾക്ക് യാതൊരു കോട്ടവും തട്ടാതെ പരിരക്ഷിയ്ക്കുമെന്നതിനാൽ   സ്കൂളുകളിലും കോളേജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിക്കുവാൻ പൂർണ്ണമായും ഇത് അനുയോജ്യവുമാണ്.

എഞ്ചിനീയർമാർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സാമൂഹിക സംരംഭകർ എന്നിവരടങ്ങുന്ന സാമൂഹ്യ നവീകരണ  ഗവേഷണ സ്ഥാപനമായ  ആൾ എബൌട്ട്‌  ഇന്നൊവേഷൻസിന്റെ ഈ  ഉപകരണം  വികസിപ്പിച്ചെടുത്തത് കോവിഡ്  കാലഘട്ടത്തിലാണ്. ആലപ്പുഴ ജില്ലയിലെ കോവിഡ് സെല്ലിന്റെ ഭാഗമായി ജോലിചെയ്തിരുന്ന ഇവർ ജോലിയുടെ ഭാഗമായി  ജപ്പാനിലെയും ജർമനിയിലെയും കോവിഡ് സെല്ലുകളുമായി നിരന്തരസമ്പർക്കം പുലർത്തിയിരുന്നു.  ഇത്തരം വികസിതരാജ്യങ്ങളിലെ കോവിഡ് സെല്ലിൽ സമാന സാഹചര്യം കൈകാര്യം ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ ഇന്ത്യയിലെ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് വഴി കേരളത്തിലെ സ്ഥാപനങ്ങൾക്കു കൂടി പ്രയോജനപ്രദമാക്കുവാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും ആരോഗ്യ സുരക്ഷാ രംഗത്തെ കൂടുതൽ കണ്ടുപിടുത്തങ്ങൾക്കായി മുതൽമുടക്കുമെന്നും ഇവർ അറിയിച്ചു.

നിരവധി സ്കൂളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ തുടങ്ങിയവ ഇതിനകം തന്നെ വൂൾഫ് എയർമാസ്കിന്റെ ഉപഭോക്താക്കളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഏരീസ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് വൂൾഫ് എയർ മാസ്ക്  വിപണിയിലെത്തുക  ഒരു ലക്ഷം യൂണിറ്റുകൾ  അടുത്ത ആറുമാസത്തിനുള്ളിൽ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികൾ അറിയിയ്ക്കുന്നു.