കൊറോണ : ജാഗ്രതാ നിർദേശം അവഗണിച്ച് സംസ്ഥാന സർക്കാര്‍

Jaihind News Bureau
Saturday, March 14, 2020

 

തിരുവനന്തപുരം :  കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവരെ എയര്‍പോര്‍ട്ടിന് അടുത്തുതന്നെ 14 ദിവസം ക്വാറന്‍റൈന്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഉത്തരവിന്‍റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന്. 500 മുതല്‍ 2,000 പേരെ വരെ പാര്‍പ്പിക്കാനുള്ള സൗകര്യം എയര്‍പോര്‍ട്ടിന് അടുത്ത് തന്നെ ഒരുക്കണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയ ഉത്തരവിനെ കുറിച്ച് സംസ്ഥാന സർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്.

ആഗോളതലത്തില്‍ തന്നെ കോവിഡ്-19 കേസുകളുടെ എണ്ണം അതിവേഗം വര്‍ധിച്ച് വരുന്നതിനാല്‍ ഇന്ത്യയിലേക്ക് കോവിഡ് ബാധയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ളവരെ എയര്‍പോര്‍ട്ടിന് അടുത്ത് തന്നെ ക്വാറന്‍റ്റൈന് ചെയ്യണമെന്നാണ് കേന്ദ്രസർക്കാരിന്‍റെ ഉത്തരവ് വ്യക്തമാക്കുന്നത്. 11-ാം തീയതി ഇറക്കിയ ട്രാവല്‍ അഡ്വൈസറി പ്രകാരം ഫെബ്രുവരി 13 മുതല്‍ ചൈന, ഇറ്റലി, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയോ 15ന് ശേഷം ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്തവരെ ആണ് ക്വാറന്‍റൈന്‍ ചെയ്യാന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ സാഹര്യം വേണ്ടി വന്നാല്‍ കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാം എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം 500 മുതല്‍ 2,000 മോ അതില്‍ കൂടുതല്‍ പേരെയോ പാര്‍പ്പിക്കാന്‍ പ്രത്യേക റൂമുകളോ ഡോര്‍മിറ്ററികളോ എയര്‍പോര്‍ട്ടിന് അടുത്തുതന്നെ ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. സിസി ടി.വി നിയന്ത്രണത്തിലായിരിക്കണം പരിസരമെന്നും ക്ലിനിക്കല്‍ പരിശോധനയ്ക്കുള്ള മെഡിക്കല്‍ സ്റ്റേഷനും ഭക്ഷണത്തിനും വസ്ത്രങ്ങള്‍ അലക്കാനുള്ള സൗകര്യങ്ങള്‍ വരെ ഉണ്ടാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടുന്ന സ്റ്റാഫുകളെയും നിയാഗിക്കണം. ഇവിടെ ആംബുലന്‍സ് സൗകര്യവും തയാറാക്കി നിര്‍ത്തേണ്ടതുണ്ട്.

വിദേശങ്ങളില്‍ നിന്ന് എത്തുന്നവരെ രോഗമുണ്ടോ എന്ന് ഉറപ്പാക്കാതെ വീടുകളിലേക്കോ പുറത്തേക്കാ ഇറങ്ങാന്‍ സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേരെ ക്വാറന്‍റൈന്‍ ചെയ്യേണ്ടി വരും. തിരുവനന്തപുരം സ്വദേശിയുടെ കാര്യത്തിലും റാന്നിയില്‍ സംഭവിച്ചതുപോലെ ഇവര്‍ അടുത്തിടപഴകിയവരെയോ അവര്‍ക്കൊപ്പം ഉണ്ടായിരുന്നവരെയോ ഒക്കെ കണ്ടുപിടിക്കലും ക്വാറന്‍റൈന്‍ ചെയ്യല്‍ എളുപ്പാമാകില്ല എന്നതിനാലാണ് ഇത്തരെമാരു ഉത്തരവ് പുറത്തിറക്കുന്നത്. അതേസമയം സംസ്ഥാനത്ത് തിരുവന്തപുരം സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച അതീവ ഗുരുതര സാഹചര്യമുണ്ടായിട്ടും വിദേശരാജ്യങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരെ വീടുകളിലേക്ക് അയക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് സംബന്ധിച്ചും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇനിയും ഫലപ്രദമായ പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.