കോവിഡ്-19 : കർശന ജാഗ്രത ; റോഡില്‍ തുപ്പിയാല്‍ പിഴയും തടവും

Jaihind News Bureau
Tuesday, March 10, 2020

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ കർശന ജാ​ഗ്രത. സംസ്ഥാനത്ത് 12 പേർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാ നടപടികളുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണർ ത്തരവിട്ടത്.

നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാൽ നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലും പൊതുസ്ഥലങ്ങളിൽ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്‌താൽ നടപടി ഉണ്ടാകും. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പൊലീസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.