അപകടങ്ങളെ അവസരങ്ങളാക്കുന്നവർ

Jaihind News Bureau
Saturday, April 4, 2020


അപകടങ്ങളെ അവസരങ്ങളാക്കുക  എന്നത് വളരെ പോസിറ്റീവ് ആയ ഒരു സമീപനമാണ്. ഒരു ജനത അപകടത്തെ അഭുമുഘീകരിക്കുമ്പോൾ അതിനെ അവസരങ്ങളാക്കുക  എന്നതുകൊണ്ട് ഉദേശിക്കുന്നത് ജനങ്ങൾക്ക് അവസരങ്ങൾ ഉണ്ടാവുക എന്നാണ്.  നിർഭാഗ്യവശാൽ കേരളത്തിലെ ഇപ്പോഴുള്ള സർക്കാർ അപകടങ്ങളെയെല്ലാം ഭരണകൂടത്തിന്റെ അവസരങ്ങളാക്കുന്ന കാഴ്ചയാണ് നാം പലപ്പോഴായി കണ്ടത്. ഒടുവിൽ, ഇതാ കൊറോണയിലും.

ഒരു ദുരന്തം സംഭവിക്കുമ്പോൾ ജനം ഭരണകൂടത്തിലേക്ക്   അവരുടെ സകല പ്രതീക്ഷകളും അർപ്പിക്കും. പ്രത്യാശയോടെ നോക്കും. സർക്കാർ പറയുന്നത് പാടേ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യും. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ഒന്ന്, ഭരണ സംവിധാനത്തിലുള്ള വിശ്വാസംകൊണ്ട്. രണ്ട്, സ്വയം മാത്രമായി  ഒന്നും ചെയ്യാൻ കഴിയില്ല എന്ന ബോധ്യംകൊണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, നിസഹായതകൊണ്ട്. അപകടത്തിലായിരിക്കുന്ന ജനതയുടെ ഈ വിശ്വസത്തെയും നിസ്സഹായതയുമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും കേന്ദ്രത്തിലെ ബിജെപി സർക്കാരും ഇപ്പോൾ ചൂഷണം നടത്തുകയും മുതലെടുക്കുകയും ചെയ്യുന്നത്. എങ്കിൽപ്പോലും, വിമർശിച്ച് മാറിനിൽക്കാതെ, നിസ്സഹകരിക്കാതെ ഇപ്പോഴും കൂടെ നിൽക്കുന്നതും നിർദേശങ്ങൾ അനുസരിക്കുന്നതും ഉപദേശങ്ങൾ സ്വീകരിക്കുന്നതും ഒരു മഹാമാരിയെ ഒറ്റകെട്ടായി നിന്ന് അതിജീവിക്കണം എന്ന പ്രബുദ്ധത ഇവിടുത്തെ ജനങ്ങൾക്കുള്ളതുകൊണ്ടാണ്. ആ പ്രബുദ്ധതയും ഈ സർക്കാർ വിറ്റ് കാശാക്കുകയാണ് ഇപ്പോൾ. ഒരു പക്ഷേ, കൊറോണയെക്കാൾ വലിയ ദുരുന്തം ഈ സർക്കാരുകളാണ്.

തുടക്കം മുതൽ കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരള സർക്കാരിന് ഗുരുതരമായ വീഴ്ചകൾ പറ്റി. പലതരത്തിൽ, പലവട്ടം. അമിത വിശ്വാസമോ ലാഘവബുദ്ധിയോ ആയിരിക്കാം കാരണം. എയർപ്പോർട്ടിൽ നിന്നും പരിശോധനയില്ലാതെ യാത്രക്കാർ പുറത്തിറങ്ങിയതുതൊട്ട് നിരീക്ഷണത്തിൽ കഴിഞ്ഞവർ ചാടിപ്പോയത് മുതൽ റേഷൻ ഉൾപ്പടെ ഭക്ഷണവിതരണം പോലും മുടങ്ങുന്ന നിലയിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. സ്വയസിദ്ധമായി ജനം പ്രളയത്തെ തരണം ചെയ്തതുപോലെ ആയിരിക്കുന്നു കൊറോണയുടെ കാര്യത്തിലും അവസ്ഥാവിശേഷം.

കോവിഡ് ഒരു ആരോഗ്യ സംബന്ധിയായ വിഷയം ആയതുകൊണ്ട് ആരോഗ്യപ്രവർത്തകർ ആയിരുന്നു  തുടക്കത്തിൽ അത് കൈകാര്യം ചെയ്തിരുന്നത്. തുടർന്ന് സമൂഹവ്യാപന ഭീതി ചൂണ്ടികാണിക്കപ്പെടുന്നു. ഇവിടം മുതൽ കൊറോണ പ്രതിരോധത്തിന് പുറമേ  ചില ഗൂഢലക്ഷ്യങ്ങളും സർക്കാർ നടപടികളിൽ പ്രകടമാകുന്നു.  സമൂഹവ്യാപനം ഒഴിവാകുന്നതിനുവേണ്ടി  പല ജില്ലകളിലും ക്രിമിനൽ നടപടി ചട്ടം 144  പ്രഖ്യപിക്കപ്പെടുന്നു.  മുന്നിൽ നിന്ന് നയിച്ച ആരോഗ്യ പ്രവർത്തകർ പിന്നിലേക്ക് തള്ളപ്പെടുന്നു. ആതുരശ്രുശൂഷയുടെ മുഖം നഷ്ട്ടപ്പെട്ട കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അടിച്ചമർത്തലിന്റെ മുഖവും രൂപവും  കൈവരുന്നു. മാലാഖാമാരായ നഴ്സുമാർ വിസ്മരിക്കപ്പെടുന്നു, ദൈവത്തിന്റെ കൈയുള്ള ഡോക്ടർമാർ അവഗണിക്കപ്പെടുന്നു.  പിന്നീട് കാണുന്നത് പോലീസ് മുഖം മാത്രമാണ്. ഈ മാറ്റം വലിയ ഒരു അജണ്ടയുടെ ഭാഗമായിരുന്നു. ജനങ്ങൾ ചെയ്യണ്ടത് എണ്ണിയെണ്ണി വിവരിച്ചുകൊണ്ട് ആറുമണി വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി  രംഗപ്രവേശനം ചെയ്യുന്നു.

ഏകദേശം ഒരാഴ്ചക്കുമീതെ കഴിയുമ്പോൾ ചെയ്യേണ്ടതുണ്ട്, നോക്കേണ്ടതുണ്ട്, ശ്രദ്ധിക്കേണ്ടതുണ്ട്, നടപ്പാക്കേണ്ടതുണ്ട് എന്നതിനപ്പുറം ചെയ്തോ, നോക്കിയോ, ശ്രദ്ധിച്ചോ,  നടപ്പാക്കിയോ എന്ന് മുഖ്യമന്ത്രി തുനിഞ്ഞതായി കാണുന്നില്ല. അറിയാൻ ജനത്തിന് അവകാശമുണ്ട്. അതൊന്നും പറയാതെ അടുത്ത കാര്യങ്ങളിലേക്ക് കടക്കുകയാണ് മുഖ്യൻ. കറങ്ങി നടക്കുന്നവർ എന്ന കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തവർ പലരും കുറ്റക്കാരായിരുന്നില്ല എന്ന് പിന്നീട് മനസ്സിലാകും. ബഹുഭൂരിപക്ഷം അറസ്റ്റുകളും ഇവിടെ എന്തെക്കെയോ കാര്യമായി നടക്കുന്നു എന്ന് വരുത്തിത്തീർക്കാൻ വേണ്ടിയുള്ളതായിരുന്നു. കെടുകാര്യസ്ഥതകൾ ചർച്ച ആകാതിരിക്കാൻ ഈ അറസ്റ്റുകൾ സർക്കാരിനെ വലിയ അളവിൽ സഹായിച്ചു. ഒരു ഗിരിപ്രഭാഷകൻന്റെ വേഷത്തിനപ്പുറം ഒന്നും മുഖ്യമന്ത്രിക്ക് ചെയ്യാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം.

കൊറോണയെ നേരിടാൻ ആരോഗ്യപ്രവർത്തകരെ നമുക്കാവശ്യമുള്ളത് മാസങ്ങൾ കഴിഞ്ഞല്ല. ഇന്നാണ്, ഈ മണിക്കൂറിലാണ്. സ്ഥിതി അതായിരിക്കെയാണ് പി എസ് സി യുടെ റാങ്ക് ലിസ്റ്റിൽ നിന്നും അപ്പോയ്ൻമെൻറ് നടത്തി ആരോഗ്യപ്രവർത്തകരുടെ ക്ഷാമം പരിഹരിക്കാൻ ഈ സർക്കാർ ശ്രമിച്ചത്. നാളുകളെടുക്കുന്ന പ്രിക്രിയ, പുതുതായി എത്തുന്നവരുടെ അനുഭവക്കുറവ്, ഇതൊന്നും സർക്കാർ ആലോചിച്ചുപോലും ഇല്ല . നിമിഷങ്ങൾക്കുപോലും വിലയുള്ള സമയത്തെ ഈ വക പ്രവർത്തനങ്ങൾ തുഗ്ലക്കിനെപ്പോലും നാണിപ്പിക്കും. അനവധി സ്വകാര്യ ആശുപത്രികൾ ഈ സംസ്ഥാനത്തുണ്ട്. മിക്കയിടത്തെയും ഡോക്ടറുമാരും നഴ്സുമാരുമുൾപ്പെടെ അനേകർ ശമ്പളം പോലുമില്ലാതെ  തൊഴിൽ നഷ്ട്ടപ്പെടുന്ന വക്കിലാണ്. അവരെ കരാറടിസ്ഥാനത്തിൽ എടുത്താൽ മതി, ആരോഗ്യപ്രവർത്തകരുടെ ദൗർലബ്യം പരിഹരിക്കാൻ. അവർക്കും അതൊരു സഹായവും താങ്ങും ആകുമായിരുന്നു.

അറയിൽ ധന്യമുണ്ട് എന്ന് പറയുന്നതല്ലാതെ ക്രിയാത്‌മകമായി അത് വിശക്കുന്നവനിൽ എത്തിക്കാനുള്ള മാർഗം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റേഷനരി കൊടുത്ത കണക്കുകൾ പുറത്തുവിട്ട സർക്കാർ, എത്രപേർക്ക് കൊടുക്കാത്തതുണ്ട് എന്ന കാര്യത്തിൽ ബുദ്ധിപൂർവമായ മൗനം ഭജിക്കുകയാണ്. നിത്യതൊഴിൽ ചെയ്ത് മരുന്നിനും കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യങ്ങൾക്ക് വക കണ്ടെത്തിയിരുന്നവർ എന്ത്‌ ചെയ്യണമെന്നും സർക്കാർ മിണ്ടുന്നില്ല. ഉപദേശിയുടെ കുപ്പായം അണിഞ്ഞ മുഖ്യമന്ത്രി കമ്മ്യൂണിറ്റി കിച്ചൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തണം എന്ന് പറഞ്ഞതല്ലാതെ അതിനുള്ള പണം കൊടുത്തുകണ്ടില്ല. വിശക്കുന്നവന് ഭക്ഷണം നാളെയുടെ ആവശ്യമല്ല, അടിയന്തിരാവശ്യമാണ്. അതിനുപോലും കൃത്യവും വ്യക്‌തവുമായൊരു കാഴ്ചപ്പാടോ നയമോ നടപടിയോ സർക്കാരിൽനിന്നും ഇല്ല. കൊട്ടിഘോഷിച്ചു തുറന്ന കമ്മ്യൂണിറ്റി കിച്ചണുകൾ പലതും അടച്ചുപൂട്ടലിൻറെ വക്കിലാണ്. സന്നദ്ധസേന എന്ന പേരിൽ യൂത്ത് കമ്മീഷൻ മുഖാന്തിരം ഡി വൈ എഫ് ഐ കാരെ രംഗത്തിറക്കി നേട്ടം വോട്ടാക്കാനുള്ള കുബുദ്ധി വേറെ. സന്നദ്ധസേന എങ്ങനെ, ആരെല്ലാം, അവരെ തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്ത്, അവരുടെ ആരോഗ്യ പരിപാലനം എങ്ങനെ, തുടങ്ങിയകാര്യങ്ങൾ നിഗൂഢം. വിശക്കുന്നവന്റെ നേരെ മുഖം തിരിച്ച സർക്കാർ വിവിധ ഇടങ്ങളിൽ സ്നേഹനിധികളായ ആളുകൾ നടത്തുന്ന ഭക്ഷണവിതരണം നിറുത്തിക്കുകയാണ്  ചെയ്തത്. ക്രമീകരണങ്ങൾ വരുത്താം, പക്ഷേ ഇല്ലായ്മ ചെയ്യരുത്. അത് ക്രൂരമാണ്. വിശക്കുന്നവന് ഒരു രാഷ്ട്രീയമേയുള്ളു. അത് ഭക്ഷണത്തിന്റെ രാഷ്ട്രീയമാണ്.

നാട്ടിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടനെ തന്നെ ബക്കറ്റ് പിരിവ് നടത്തുക എന്നത് സി പി എം  എന്ന പാർട്ടിയുടെ പ്രധാന പരിപാടിയാണ്. ഭരണത്തിൽ കയറിയിട്ടും ആ പ്രേതം അവരെ വിട്ടിട്ടില്ല. സാലറി ചലഞ്ജ് എന്ന പേരിൽ അവർ അത് ഔദ്യോഗികമാക്കി. പണമില്ല എന്ന് നാഴികക്ക് നല്പതുവട്ടം പറയുമ്പോഴും ദൂർത്തിനും ദുർചിലവിനും ഒരു കുറവും കാണുന്നില്ല. അതിനുപുറമേ പ്രളയഫണ്ട് പോലെയുള്ള വകകളിൽ സഖാക്കന്മാരുടെ കയ്യിട്ടുവാരലും. അതുകൊണ്ടുതന്നെ കൊറോണയുമായി ബന്ധപ്പെട്ട് അധിക ചിലവുകൾ ഏതൊക്കെ, വരുമാന നഷ്ടങ്ങൾ എന്തൊക്കെ എന്ന് ജനങ്ങളെ ബോധ്യപെടുത്തിയശേഷം മാത്രം ഇനിയൊരു ഫണ്ടുശേഖരണത്തിലേക്ക് സർക്കാർ പോകേണ്ടതുള്ളൂ. ദുരുന്തങ്ങളെ ഈ സർക്കാർ ദൂർത്തിനും ആർഭാടത്തിനുമുള്ള വരുമാന മാർഗമാക്കി മാറ്റുകയാണ്.  സർക്കാർതന്നെ ഒരു ദുരുന്തമായി മാറുകയാണിവിടെ.

പ്രത്യേകിച്ച് ഒരു നേതൃത്വമോ സംവിധാനമോ ഇല്ലെങ്കിൽ പോലും ഏത് ദുരുന്തവും ജനം നേരിടും. അത് അതിജീവനത്തിന്റെ സിദ്ധാന്തമാണ്. അത് മാത്രമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. ആരോഗ്യപ്രവർത്തകരും, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരും, പോലീസും, റവന്യൂ ജീവനക്കാരും, പൊതുപ്രവർത്തകരും ഉൾപ്പെടെ അർപ്പണബോധമുള്ള കുറച്ച്പേരുള്ളതുകൊണ്ട് ഇതിങ്ങനെ പോകുന്നു എന്ന് മാത്രം. വ്യക്‌തമായ നയവും ദിശാബോധവും കാഴ്ചപ്പാടും നടപടിയുമെല്ലാം സ്വപ്നങ്ങളിൽ മാത്രം. ആറുമണിയുടെ വാർത്താസമ്മേളനത്തിനപ്പുറം ഈ സർക്കാരിൽനിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

മറ്റൊരു ദുരുന്തമാണ്‌ കേന്ദ്രസർക്കാർ. ഒരു നാടകക്കാഴ്ച. ഈ രാജ്യത്തെ സാധാരണകാരനെക്കുറിച്ചും പാവപ്പെട്ടവനെകുറിച്ചും ഒരു ധാരണയും കരുതലും ഇല്ലാത്ത സർക്കാർ. ആയിരക്കണക്കിന് പാവങ്ങൾ പാലായനം ചെയ്യുന്ന വീഥികൾ ഈ സർക്കാരിന്റെ പരാജയത്തിന്റെ ദൃഷ്ടന്തമാണ്‌. അവനവന്റെ വീടുകളിൽ എത്തപ്പെടാൻ പറ്റുന്നില്ല, ഭക്ഷണമില്ല, മരുന്നില്ല, എന്തിനേറെ കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും ഇല്ല. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് രാമായണവും മഹാഭാരതവും കാണാൻ ആഹ്വാനം ചെയ്യുകയും  അത് കണ്ടുകൊണ്ടിരിക്കുന്ന പടം ഫേസ്ബുക്കിൽ ഇട്ട് ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്യുന്ന  കേന്ദ്രമന്ത്രിക്ക് ഈനാട്ടിൽ ഇൻറ്റെർനെറ്റില്ലാത്തവനും  വീടില്ലാത്തവനുമെല്ലാം ഉണ്ടെന്നുള്ള പച്ചപരമാർത്ഥം അറിയുകപോലുമില്ല എന്ന് തോന്നുന്നു. അന്താക്ഷരി കളിച്ച് വീട്ടിലിരിക്കുന്ന വേറൊരു മന്ത്രി  മറ്റാരുമല്ല, കേന്ദ്ര ആരോഗ്യ മന്ത്രി തന്നെയാണ്. ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രശ്നത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കളിക്കപ്പെടുന്നു എന്നതാണ് ഈ അന്താക്ഷരി കളിയുടെ പ്രത്യേകത.

പാട്ടകൊട്ടലും ടോർച്ച് കത്തിക്കലുമെല്ലാം നാടകക്കാഴ്ചകളാണ്. നാഴികയുടെ ആവശ്യം അതല്ല. ആരോഗ്യ പ്രവർത്തകർ ഗുരുതര പ്രിതിസന്ധിയിലും അവരുടെ ജീവൻ ഭീഷണിയിലുമാണ്. അത് പരിഹരിക്കുന്നതിലൂടെയാണ് നമ്മൾ അവരോട് നന്ദിയും കടപ്പാടും അറിയിക്കേണ്ടത്. പാട്ടകൊട്ടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനം വയറ്റത്ത് കോട്ടേണ്ട അവസ്ഥയിലാണ്. ടോർച്ചിൽ അല്ല പ്രകാശം ഉണ്ടാകേണ്ടത്. ജനത്തിന്റെ കണ്ണിലാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ ഭീഷണി നേരിടുന്നു. സംസ്ഥാനങ്ങൾ സ്വതന്ത്ര രാജ്യങ്ങളെപ്പോലെ അതിർത്തികൾ അടക്കുന്നു. ഹൈക്കോടതി ഉത്തരവുകൾപോലും മാനിക്കപ്പെടുന്നില്ല. ഇടപെടേണ്ടുന്ന കേന്ദ്രസർക്കാർ പുറം തിരിഞ്ഞ് നില്‍ക്കുന്നു. താറുമാറായിരിക്കുന്ന രാജ്യത്തിൻറെ സാമ്പത്തിക സ്ഥിയിൽനിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നും ജനശ്രിദ്ധ തിരിക്കാൻ കിട്ടിയ ഒരു അവസരം മാത്രമായിട്ടാണ് കേന്ദ്രസർക്കാരും ഈ മഹാമാരിയെ കാണുന്നത്. പ്രധാനമന്ത്രിയുടെ ആളെപറ്റിക്കുന്ന സ്ഥിരം ഏർപ്പാടുകൾ ഇലക്ഷനുകളിൽ ഫലം കണ്ടേക്കാം. പക്ഷേ, മറുവശത്ത് ഇപ്പോഴുള്ളത് പകർച്ചവ്യാധിയാണ്. നാടകം ഫലം കാണില്ല.

കേന്ദ്രത്തിലെ വിരിഞ്ഞ നെഞ്ചും കേരളത്തിലെ ഇരട്ട ചങ്കും. ഒന്ന് നാടകമാണെങ്കിൽ മറ്റൊന്ന് ഡയലോഗ് ആണെന്ന് മാത്രം. വേറെ പറയത്തക്ക വ്യത്യാസങ്ങൾ ഒന്നും തന്നെ ഇല്ല. ഈശ്വരാ. ഞങ്ങളെ നീ തന്നെ കാത്തുകൊള്ളണേ. കൊറോണയിൽനിന്നും… ഇവരിൽനിന്നും .

 

അഡ്വ. ജോജി ജോർജ്ജ് ജേക്കബ്

(ലേഖകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനാണ് )